കൊച്ചി : എറണാകുളത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മഹാരാജാസ്കോളേജ് വിദ്യാര്‍ത്ഥിനി റാണ വി.എസിനും സാമൂഹിക പ്രവര്‍ത്തകയായ സജ്ന ഷാജിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇതുസംബന്ധിച്ച് പാലാരിവട്ടം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കാനിറങ്ങിയ റാണയേയും സജ്നയേയും പാലാരിവട്ടത്തെ ഫെഡറല്‍ ബാങ്കിനു സമീപത്തുവച്ച് സദാചാര ഗുണ്ടകള്‍ ചേര്‍ന്ന മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം ലൈംഗിക തൊഴിലാളികള്‍ അല്ലെന്നും ഭക്ഷണം കഴിക്കാന്‍ എത്തിയതാണെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
അക്രമികളില്‍ ഒരാള്‍ തങ്ങളുടെ സ്കൂട്ടിയുടെ ലൈറ്റുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഇത് ചോദിക്കാന്‍ ചെന്ന റാണയെ ക്രൂരമായി മര്‍ദ്ദിച്ച് വസ്ത്രം വലിച്ചു കീറിയശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്ന് സജ്ന അറിയിച്ചു. അതേസമയം സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായവരില്‍ ചിലര്‍ വീഡിയോ എടുത്തെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.
പരിക്കിനെ തുടര്‍ന്ന് ഇരുവരും പാലാരിവട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഞായറാഴ്ച സ്റ്റേഷനിലെത്തി മൊഴി നല്‍കും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് സെല്ലിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സജ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: