കൊച്ചി: പുന്നപ്ര-വയലാര്‍ സമരത്തില്‍ സഖാക്കളെ കൊന്നൊടുക്കിയത് സര് സിപിയുടെ പട്ടാളമെന്ന് നിരന്തരം ആക്രോശിക്കുന്ന ഇടതുപക്ഷത്തിന് അദ്ദേഹത്തിന്റെ കൊച്ചുമകന് പ്രിയങ്കരന്‍. ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര് സിപിയുടെ കൊച്ചുമകനെ നിയോഗിച്ച് രക്തസാക്ഷികളായ സഖാക്കളോട് നെറികേട് കാട്ടി ഇടതുപക്ഷം. ദേവസ്വം ബോര്‍ഡിനു വേണ്ടി ശബരിമല കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്വ.സി.എ. സുന്ദരം എന്ന ആര്യാമ സുന്ദരം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുടെ കൊച്ചുമകനാണ്.
കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുദ്രകുത്തി, അവര്‍ കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നാടുവിട്ട സര് സിപി, എക്കാലത്തും കമ്യൂണിസ്റ്റുകാര്‍ക്ക് ശത്രുവായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ കമ്യൂണിസ്റ്റ് പ്രചാരണവും മുന്നേറ്റവും തടയാന്‍ പോലും ദിവാന് ശ്രദ്ധിച്ചു. ആ സിപിയുടെ കൊച്ചുമകനെ, ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വര്ഷമാഘോഷിക്കുമ്പോള് ഇടതു സര്‍ക്കാരിന് ആശ്രയിക്കേണ്ടിവന്നു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയായിരുന്നു ദേവസ്വം ബോര്‍ഡ് അഭിഭാഷകന്. കോണ്‍ഗ്രസ് നേതാവെന്ന കാരണത്താലാണ് സിങ്വി ഒഴിവായതും ഒഴിവാക്കിയതും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ. ബീന മാധവനെ മാറ്റിയത് എന്‍എസ്എസിനോട് അനുഭാവമുണ്ടെന്ന കാരണത്താലായിരുന്നു.
ചെന്നൈയില്‍നിന്നുള്ള ആര്യാമ സുന്ദരം മുതിര്‍ന്ന അഭിഭാഷകനാണ്. ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന പത്ത് സുപ്രീം കോടതി അഭിഭാഷകരിലൊരാളാണ്, നിരക്ക് 16.5 ലക്ഷം രൂപ. വന്‍ കോര്‍പ്പറേറ്റുകള്‍ സുന്ദരത്തിന്റെ കക്ഷികളാണ്. ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡില്‍നിന്ന് അഴിമതിക്കേസില്‍ പുറത്തായ എന്‍. ശ്രീനിവാസനും കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്ന റിലയന്‍സ് കമ്പനിക്കും വാദിക്കുന്നത് ആര്യാമ സുന്ദരമാണ്. ഭരണഘടനാ വിഷയങ്ങളിലും മാധ്യമ വിഷയങ്ങളിലും ഹാജരാകാറുള്ള സുന്ദരത്തിന്റെ വാദത്തിലാണ് എസ്. സുന്ദരരാജന് കേസിലെ പ്രസിദ്ധമായ ആവിഷ്കാര സ്വാതന്ത്ര്യ വിധി വന്നത്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: