കോപ്പന്‍ഹേഗന്‍: അനിയന്ത്രിത കുടിയേറ്റവും ഇസ്ലാമീകരണവും നടക്കുന്ന പശ്ചാത്തലത്തില്‍, ‘ബാങ്ക് വിളിക്ക്’ (അദാന്‍) രാജ്യവ്യാപക വിലക്ക് ഏര്‍പ്പെടുത്താനുള്ള നടപടികളുമായി ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍. ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്ക് നിയമപരമായി നിരോധനം ഏര്‍പ്പെടുത്താനാണ് ശ്രമമെന്ന് കുടിയേറ്റ – ഇന്റഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്സ്‌കോവ് വ്യക്തമാക്കി.
‘ഡെന്‍മാര്‍ക്കിന്റെ ആകാശത്ത് ബാങ്കുവിളി മുഴങ്ങേണ്ട സാഹചര്യമില്ല. നമ്മുടെ രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല,’ മന്ത്രി പറഞ്ഞു. ഡെന്മാര്‍ക്കിന്റെ സാംസ്‌കാരിക സ്വത്വവും ദേശീയ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ത്ഥി നയം മുതല്‍ മതചിഹ്നങ്ങളുടെ ഉപയോഗം വരെയുള്ള വിഷയങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം ഇതിനകം നടപ്പാക്കിയത്. രാജ്യത്ത് ഏകദേശം 2.7 ലക്ഷം മുസ്ലിങ്ങളാണ് താമസിക്കുന്നത്. നൂറിലേറെ പള്ളികളുമുണ്ട്.
















