കണ്ണൂര്‍: ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം പുതുക്കിപ്പണിയുന്നു. നിര്‍മ്മാണ പ്രവൃത്തിയുടെ പ്രാഥമികപഠനം കോഴിക്കോട് എന്‍ഐടി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഒരു കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പ് പ്രശ്നചിന്ത നടത്തി ഗോപുരം അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനമെടുത്തെങ്കിലും ഇത് നടന്നില്ല. ഇപ്പോള്‍ പ്രാഥമികമായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബോര്‍ഡ് ഇതില്‍ തീരുമാനമെടുത്തിട്ടില്ല.
ഏകദേശം മൂവായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രഗോപുരം ഭാഗികമായി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതില്‍ അറ്റകുറ്റപ്പണി നടത്താനോ പരിപാലിക്കാനോ ദേവസ്വം ബോര്‍ഡ് അധികൃതര്‍ തയ്യാറാകാത്തതാണ് ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം. കാലപ്പഴക്കം ചെന്ന ക്ഷേത്രങ്ങളും മറ്റ് ചരിത്രശേഷിപ്പുകളും പുരാവസ്തു വകുപ്പിന്റെ കീഴിലാണ് സാധാരണയായി പരിപാലിക്കുക. എന്നാല്‍ രാജരാജേശ്വരി ക്ഷേത്രം ഇപ്പോഴും ദേവസ്വം ബോര്‍ഡ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ചരിത്ര പ്രാധാന്യമുള്ള പുരാതന ക്ഷേത്രങ്ങള്‍ പുതുക്കിപ്പണുന്നത് ശ്രമകരമായ ദൗത്യമാണ്. പുതുക്കിപ്പണിതാലും അതിന്റെ തനിമയും പൗരാണികതയും അല്പം പോലും ചോര്‍ന്നു പോകാതെ പുനര്‍നിര്‍മ്മാണം നടത്തണം. കെട്ടിടത്തിന്റെ രൂപം വരച്ച് ഇളക്കി മാറ്റുന്ന കല്ലുകള്‍ക്കും മരങ്ങള്‍ക്കും നമ്പറിട്ട് എടുത്തുമാറ്റി അറ്റകുറ്റപ്പണി നടത്തി അതേപോലെ പുന:സ്ഥാപിക്കുകയാണ് പതിവ്. പൂര്‍ണ്ണമായും ഉപയോഗയോഗ്യമല്ലാത്ത കല്ലുകളും മരങ്ങളും മാത്രമേ ഉപേക്ഷിക്കാന്‍ പാടുള്ളു. ഇത് സംബന്ധിച്ച് യുനസ്കോ കൃത്യമായ മാര്‍നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എത്ര ശ്രദ്ധിച്ചാലും ഒരു കല്ല് മാറ്റിയാല്‍പ്പോലും ഗോപുരത്തിന്റെ തനിമ നഷ്ടമാകും എന്നതാണ് വസ്തുത.
ദേവസ്വം ബോര്‍ഡ് ഭരണം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ തനിമയും വിശ്വാസവും നിലനിര്‍ത്തി നിര്‍മ്മാണം നടക്കുമോ എന്ന കാര്യത്തില്‍ ഭക്തര്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്ര ചുമരിലുണ്ടായിരുന്ന അതിപുരാതനമായ മ്യൂറല്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം വെള്ളപൂശി നശിപ്പിച്ചത് അടുത്ത കാലത്താണ്. കേവലം കെട്ടിടം പൊളിക്കുന്ന ലാഘവത്തോടെ ഗോപുര നിര്‍മ്മാണവും നടത്തിയാല്‍ നഷ്ടമാകുന്നത് ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ക്ഷേത്രപാരമ്പര്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: