കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല മാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തുമെന്നും, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേട്ടുകേഴ്‌വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും ബിജെപി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, കോടതി വിധിയുടെ പേരില്‍ ക്ഷേത്രങ്ങളേയും വിശ്വാസികളേയും വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയിൽ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണം. പിണറായി വിജയന്റെ മർക്കട മുഷ്ടി കേരളത്തിന്റെ സമാധാന അന്തിരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
















