മലപ്പുറം: അഴീക്കോട് എംഎല്‍എ കെ.എം. ഷാജി അയോഗ്യനായെന്ന കോടതിവിധിക്ക് മുസ്ലിം ലീഗില്‍ സമ്മിശ്ര പ്രതികരണം. ഒരു വിഭാഗം വിധിയെ എതിര്‍ക്കുമ്പോള്‍ പ്രബല വിഭാഗത്തിന് സന്തോഷം.
കൃത്യമായ വര്‍ഗീയ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ലീഗിന് സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നു ഷാജി. ലീഗിലെ തീപ്പൊരി പ്രാസംഗികനായ ഷാജിയെ തളയ്ക്കാന്‍ പാര്‍ട്ടിക്കുള്ളിലെ പ്രബലവിഭാഗം ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. നിലവിളക്ക് കൊളത്തുന്നതില് സമസ്ത സ്വീകരിച്ച നിലപാട് പൊതുവേദികളില്‍ ഷാജി നിരന്തരം എതിര്‍ത്തു. ഷാജിയെ നിയന്ത്രിക്കണമെന്ന് സമസ്ത പലതവണ ലീഗിന് താക്കീത് നല്കി.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അടക്കം തീവ്രനിലപാടുള്ള നേതാക്കളും ഷാജിക്കെതിരായിരുന്നു. 2013ല്‍ കണ്ണൂരില്‍ ലീഗ് പൊതുയോഗത്തില്‍ ഷാജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായി. ഇതോടെ, പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളുടെ എണ്ണം വര്‍ധിച്ചു. 2016ലെ തെരഞ്ഞെടുപ്പിലാണ് അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിയുടെ ചിത്രം ആലേഖനം ചെയ്ത വിവാദ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നില്‍ തന്റെ തോല്‍വി ആഗ്രഹിക്കുന്നവരാണെന്ന് ഷാജി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇത് ആരാണ് ചെയ്തതെന്ന് കണ്ടെത്താന്‍ ലീഗ് ശ്രമിച്ചില്ല. ഷാജിക്കെതിരെ അവസരം കാത്തിരുന്ന നേതാക്കള്‍ മനസാല്‍ ആഗ്രഹിക്കുന്നതാണ് ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: