കണ്ണൂര്‍: തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ മന്ത്രി കെടി ജലിലിന് നേരെ കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുനിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.
ജലീല്‍ രാജിവക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ അഹ്വാനം ചെയ്തു. ജലീലിനെതിരായ പ്രതിഷേധം യൂത്ത് ലീഗ് വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിക്കാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞിരുന്നു.
സംസ്ഥാന മൈനോരിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം.
















