കൊച്ചി: ശബരിമലയിലെ ആള്‍ക്കൂട്ടത്തിന്റെ നശീകരണ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നു ഹൈക്കോടതി. ശബരിമലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അക്രമങ്ങളില്‍ ആള്‍ക്കൂട്ടത്തിലെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല, 14 പോലീസുകാര്‍ക്ക് പരിക്കേറ്റു. പൊതു മുതല്‍ നശിപ്പിച്ച വകയില്‍ 16.78 ലക്ഷം രൂപയുടെയും ക്യാമറയും സ്വകാര്യ വാഹനങ്ങളുമടക്കം നശിപ്പിച്ച വകയില്‍ 15.5 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ 25 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെ നിലയ്‌ക്കലില്‍ ഉണ്ടായിരുന്നെന്നും വൈകിട്ട് അഞ്ചരയോടെ 150 കിലോമീറ്റര്‍ അകലെയുള്ള തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം തെറ്റാണെന്ന് ഹൈക്കോടതിയും വിലയിരുത്തി. ഒക്ടോബര്‍ 25 നാണ് ഗോവിന്ദ് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തത്.
















