കണ്ണൂര്‍: ജില്ലയില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാനിറ്റേഷന്‍ സമിതി യോഗം തീരുമാനിച്ചു. ഇതിനായി താഴേത്തട്ടില്‍ പരിശോധനകളും ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടാതെ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നല്‍കുന്നതിനായി പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ചു ചേര്‍ക്കും. പൊലീസിന്റെ സഹായത്തോടെയുള്ള പരിശോധനകള്‍ പുനരാരംഭിക്കും. അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ നീക്കാതിരുന്നാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫീല്‍ഡ് സ്റ്റാഫും ഉത്തരവാദിയായിരിക്കുമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ഹരിത കേരളം കോ ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്, ശുചിത്വമിഷന് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: