കണ്ണൂര്‍: വാട്സാപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ പോര് ശക്തമാകുന്നു. സിപിഎം ഏരിയാ കമ്മറ്റിയംഗമായ കൗണ്‍സിലര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മേയര്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. വാട്സാപ്പ് വിവാദം ഒതുക്കിത്തീര്‍ക്കാനുളള സിപിഎം നേതൃത്വത്തിന്റെയും കോര്‍പ്പറേഷനിലെ എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങളുടേയും നീക്കത്തിന് തിരിച്ചടി കൂടിയായി മാറിയിരിക്കുകയാണ് പരാതിയെ ചൊല്ലി സിപിഎമ്മിനകത്ത് ശക്തമായിരിക്കുന്ന ചേരിതിരിഞ്ഞ പോര്.
കോണ്‍ഗ്രസ് കൗണ്‍സിലറായ സുമ ബാലകൃഷ്ണന് നല്കിയ പരാതിക്ക് മുന്നേ വാട്സപ്പ് അഡ്മിന് എന്ന നിലയില്‍ നല്കിയ പരാതിയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ നല്കിയ പരാതി മരവിപ്പിക്കാനും പ്രശ്നം കൂടുതല്‍ വഷളാക്കേണ്ടെന്നും എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വങ്ങള്‍ ധാരണയായിരുന്നു. മാത്രമല്ല എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ഉയര്‍ന്ന രീതിയിലുളള ആരോപണങ്ങള്‍ ലീഗ് അംഗങ്ങളുള്‍പ്പെടെയുളള ചില യുഡിഎഫ് നേതാക്കള്‍ക്കെതിരേയും നിലനില്‍ക്കുന്നുണ്ടെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും യുഡിഎഫ് നേതൃത്വം മാറിനിന്നില്ലെങ്കില്‍ തങ്ങള്‍ ഇത്തരം ആരോപണങ്ങല്‍ കുത്തിപ്പൊക്കുമെന്നും സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസ് മരവിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആരോപണമുണ്ട്.
മേയര്‍ അഡ്മിനായ കോര്പ്പറേഷന് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും അംഗമായ വാട്സപ്പ് ഗ്രൂപ്പില്‍ സിപിഎമ്മുകാരനായ കൗണ്‍സിലര്‍ മറ്റൊരു സിപിഎം വനിതാ കൗണ്‍സിലറും ഡിവൈഎഫ്ഐ നേതാവുമായ ഭര്‍ത്താവിന്റെ അശ്ലീല പോസ്റ്റുകളും ശബ്ദ സന്ദേശങ്ങളും പോസ്റ്റ് ചെയ്തതോടെയാണ് സിപിഎമ്മില്‍ പോര് മുറുകിയത്. തുടര്‍ന്ന് മേയര്‍ വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസ് വനിതാ നേതാവ് പരാതി നല്കുന്നതിറിഞ്ഞ് അഡ്മിനെന്ന നിലയില്‍ നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു മേയര്‍ ടൗണ്‍ പോലീസിന് പരാതി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെ മേയര്‍ തന്നിഷ്ടപ്രകാരം കേസ് കൊടുത്തതാണ് സിപിഎമ്മിനകത്ത് പുതിയ അഭിപ്രായഭിന്നത രൂപം കൊളളാന്‍ കാരണമായത്. പരാതിയില്‍ ആരാണ് അശ്ലീലം പോസ്റ്റ് ചെയ്തതെന്ന് മേയര്‍ വ്യക്തമാക്കിയിട്ടില്ലെന്ന വാദമാണ് മേയറോടടുപ്പമുളള ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പോലീസ് ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ട് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇതിനാല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ഇരു പരാതികളിലും തുടര്നടപടികളുണ്ടാവാത്തതെന്നുമാണ് സൂചന. അശ്ലീലം പോസ്റ്റ് ചെയ്ത കൗണ്‍സിലറെ ചോദ്യം ചെയ്തെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നുമാണ് പോലീസ് ഭാഷ്യം.
അനുയോജ്യമായ സംഭവമല്ല വാട്സപ്പ് ഗ്രൂപ്പിലുളളതെന്ന് മേയര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതും സിപിഎം നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്. മേയര്‍ പാര്‍ട്ടിക്കതീതയായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. സൂപ്പര്‍ മേയര്‍ ചമഞ്ഞ് പാര്‍ട്ടിയുടെ മറ്റ് ചില കൗണ്‍സിലര്‍മാരാണ് കോര്പ്പറേഷന് ഭരണം നിയന്ത്രിക്കുന്നതെന്ന പരാതിയും പാര്‍ട്ടിക്കുളളില്‍ ശക്തമായിട്ടുണ്ട്. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ പാര്‍ട്ടി കൗണ്‍സിലര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത സിപിഎമ്മിന്റെ ജില്ലാ ഏരിയാ കമ്മറ്റികളുടെ നിലപാടിനെതിരെ കൗണ്‍സിലര്‍മാര്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡുകളിലും കോര്പ്പറേഷന് പരിധിയാലാകമാനവും പാര്‍ട്ടിക്കുളളിലെ യുവജനങ്ങളും അനുഭാവികളും അംഗങ്ങളും കടുത്ത അതൃപ്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: