കണ്ണൂര്‍: ലുബ്നാഥ് ഷാ ചാരിറ്റബിള്‍ ട്രസ്റ്റ് ആര്യബന്ധു പുരസ്കാരം വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.ഷംസീര്‍ വയലിലിന് (വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്മാന്) സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം പുരസ്കാരം സമ്മാനിക്കും. 1978ല്‍ അന്തരിച്ച വ്യവസായിയായ പി.കെ.ബാപ്പു നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന് ലഭിച്ച ആര്യബന്ധു എന്ന നാമധേയത്തെ ഉള്‍ക്കൊണ്ടാണ് ഡോ.ഷംസീര്‍ വയലില്‍ നടത്തി വരുന്ന മാനുഷിക കാരുണ്യ പ്രവര്‍ത്തനങ്ങളെ പുരസ്കാരം നല്കി ആദരിക്കുന്നത്.
ട്രസ്റ്റ് തയാറാക്കിയ കേരളത്തിലെ ആദ്യ ജീവന്‍രക്ഷാ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും. ആംബുലന്‍സ് സര്‍വീസ്, രക്തദാതാക്കള്‍, ആശുപത്രി, അഗ്നിശമനസേന, ദുരന്ത നിവാരണ സേന എന്നിവയുടെ വിവരങ്ങള്‍, അപകടഘട്ടത്തില്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ വിവരങ്ങള്‍ എന്നിവ ആപ്പില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭിക്കും. ലോകത്തെവിടെ നിന്നും കണ്ണൂരിലെ സംവിധാനങ്ങള്‍ ഈ ആപ്പ് വഴി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയര്മാന് പി.ഷാഹിന്‍, ജനറല്‍ സെക്രട്ടറി രജിത് രാജരത്നം, ആനന്ദ് ഖണ്ടേല്‍വാല്‍, സി.ഇ.ഷാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: