ബെംഗളൂരു : കോടികളുടെ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് ഖനി ഉടമ ഗലി ജനാര്‍ദ്ദനന്‍ റെഡ്ഡിക്കെതിരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവിലാണ്.
കര്‍ണ്ണാടക മന്ത്രിയായിരിക്കേ ആംബിഡെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ സെയ്ദ് അഹമ്മദ് ഫരീദിന് ജാമ്യം ലഭിക്കുന്നതിനായി 18 കോടിയുടെ കോഴ കൈപ്പറ്റിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
600 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ആംബിഡെന്റ് ഗ്രൂപ്പ് ഉടമ അറസ്റ്റിലായത്. ഇയാള്‍ക്ക് ജാമ്യത്തിനായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് 18 കോടി റെഡ്ഡി കൈപ്പറ്റി. ഇത് ബെല്ലാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്മഹല്‍ ഫാന്‍സി ജൂവല്ലറി ഉടമയ്‌ക്കു കൈമാറിയശേഷം 57 കിലോഗ്രാം സ്വര്‍ണ്ണമാക്കി മാറ്റി വാങ്ങുകയായിരുന്നെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ടി. സുനീല്‍ കുമാര്‍ അറിയിച്ചു.
രാജ്മഹല്‍ ജൂവല്ലറി ഉടമയെ ഇതുസംബന്ധിച്ച് നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതേസമയം റെഡ്ഡിയുടെ കൂട്ടാളി അലി ഖാനു വേണ്ടിയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇയാളും ഔളിവിലാണ്.
















