ഗുരുവായൂര്‍: ഭക്തജന പ്രതിഷേധം ആര്‍ത്തിരമ്പി. സര്‍ക്കാരിന് താക്കീതായി പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നില്‍ ഭക്തജനസഞ്ചയം. ക്ഷേത്രം പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭക്തരുടെ പ്രതീകാത്മക തിരിച്ചുപിടിക്കല്‍.
ആധ്യാത്മിക നഗരിയെ പ്രകമ്പനം കൊള്ളിച്ച് സ്ത്രീകളും, കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്ന പ്രതിഷേധ നാമജപ ഘോഷയാത്ര, പടിഞ്ഞാറേ നടയില്‍ നിന്നാരംഭിച്ച് നഗരംചുറ്റി ശ്രീപാര്‍ഥസാരഥി ക്ഷേത്ര പരിസരത്തെത്തി. സ്വാമി പുരുഷോത്തമാനനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ് അധ്യക്ഷനായി. പി.ആര്‍. ഉണ്ണി, പുഷ്പ പ്രസാദ്, ഇ.വി. മഹേഷ്, സി. നിവേദിത, കെ.ആര്‍. അനീഷ്, പ്രബീഷ്, പി. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ ജലപീരങ്കിയടക്കമുള്ള സന്നാഹത്തോടെയുള്ള പോലീസ് സംഘം, ബാരിക്കേഡുമായി പ്രതിരോധം തീര്‍ത്തിരുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പോലീസ് സംഘം നാമജപയാത്ര തടയുന്നതിനിടെ സമരസംഘത്തിലെ ഏതാനും പേര്‍ വടക്കുഭാഗത്തുകൂടി കടന്ന് ക്ഷേത്രത്തിനു മുന്നിലെത്തി.
ക്ഷേത്രത്തിനു ചുറ്റും പോലീസിന്റെ വലയമുണ്ടായിരുന്നു. അമ്പതോളം പേര്‍ ക്ഷേത്രത്തിനു മുന്നിലെത്തിയതോടെ ക്ഷേത്രഗോപുര വാതില്‍ പോലീസ് അടച്ചു. ക്ഷേത്രത്തിനു മുന്നിലെത്തിയ സമരക്കാര്‍ ക്ഷേത്രമുറ്റത്തിരുന്ന് നാമജപം നടത്തി. തൊഴാനെത്തിയ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ പോലീസ് തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി.
















