ന്യൂദല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവികസേന. ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആദ്യ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് ആദ്യ പട്രോളിങ്ങിനു ശേഷം മടങ്ങിയെത്തി.
ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ മുങ്ങിക്കപ്പലിലെ നാവികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ശത്രുക്കളെ നേരിടാനുള്ള, വിശ്വസനീയമായ ഒരു ആണവായുധം നമുക്ക് അനിവാര്യമായിരുന്നു. അത് നാം നേടി. അരിഹന്തിന്റെ വിജയം ദേശസുരക്ഷ ശക്തമാക്കാനുള്ള വലിയൊരു കാല്‍വയ്പ്പാണ്. നമ്മുടെ ശത്രുക്കള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. ഈ സുദിനം ചരിത്രമാണ്. നമുക്ക് ഇപ്പോള്‍ ത്രിതല ആണവ ശക്തി കൈവന്നിരിക്കുന്നു. ഇത് ലോകത്തിന്റെ സ്ഥിരതയ്ക്കും ലോക സമാധാനത്തിനുമാണ്, മോദി പറഞ്ഞു.
കരയില്‍ നിന്ന് ആണവായുധം വഹിച്ച് പറക്കുന്ന അഗ്നി മിസൈലുകളും ആണവ മിസൈലുകള്‍ വഹിക്കുന്ന വിമാനങ്ങളും നാം സ്വന്തമാക്കിയിരുന്നു. ആണവ മുങ്ങിക്കപ്പല്‍ കൂടിയായതോടെയാണ് ത്രിതല ആണവ ശക്തിയായത്.
750 മുതല്‍ 3,500 കിലോമീറ്റര്‍ വരെ ആണവായുധം വഹിച്ച് പറന്ന് ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് അരിഹന്തില്‍. 6,000 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ആണവ കമാന്‍ഡ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. ചരിത്രം കുറിച്ച നേട്ടത്തെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: