സന്നിധാനം: ശബരിമല തന്ത്രിയേയും മേല്‍ശാന്തിയേയും മാളികപ്പുറം മേല്‍ശാന്തിയേയും പരികര്‍മികളെയുമെല്ലാം പോലീസ് സന്നിധാനത്ത് ‘വീട്ടുതടങ്കലില്‍’ ആക്കിയത് ഒമ്പത് മണിക്കൂര്‍.
മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍പോലും അനുവദിച്ചില്ല. മാധ്യമങ്ങളോട് സംസാരിക്കുമെന്നതിനാല്‍ ഫോണ്‍കോളുകള്‍ക്ക് പോലും നിയന്ത്രണമുണ്ടായി. യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ തന്ത്രിയുമായി ആലോചിച്ച് നട അടയ്‌ക്കുമെന്ന നിലപാട് മേല്‍ശാന്തിമാര്‍ ആവര്‍ത്തിച്ചു. ഒമ്പത് മണിക്കൂറുകളോളം മേല്‍ശാന്തിമാരെയും തന്ത്രിയെയും മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ പോലീസ് കാവല്‍നിന്നു.
വൈകിട്ട് അഞ്ചിന് നടതുറക്കുന്നത് വരെ തടങ്കല്‍ തുടര്‍ന്നു. രാവിലെ മുതല്‍ തന്നെ മേല്‍ശാന്തിമാരോട് പുറത്തിറങ്ങരുതെന്നും മുറിയില്‍ തന്നെ ഇരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. എട്ടര മണിയോടെ സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി എം.ആര്‍. അജിത്കുമാര്‍ എത്തി ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയുമായി സംസാരിച്ചു.
യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ തന്ത്രിയുമായി ആലോചിച്ച് നട അടയ്‌ക്കുമെന്ന നിലപാട് ഇരുവരും ആവര്‍ത്തിച്ചു. ഇതോടെ ഒരു കാരണവശാലും പുറത്ത് ഇറങ്ങാനോ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാനോ അനുവദിക്കരുതെന്ന് കാവല്‍നിന്ന പോലീസുകാര്‍ക്ക് ഐജി നിര്‍ദേശം നല്‍കുകയായിരുന്നു. പത്തരമണിയോടെ എത്തിയ തന്ത്രി കണ്ഠര് രാജീവരും മുറിക്കുള്ളില്‍ തടങ്കലിലായി.
മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാനായി എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് മാധ്യമങ്ങളും ഈ നിയമം പാലിക്കണമെന്നാണ് പോലീസിന്റെ നിലപാട്. തന്ത്രിക്കും ഫോണ്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ചിന് നടതുറക്കുന്നതിന് തൊട്ടുമുമ്പാണ് ഇവരെ പുറത്ത് ഇറങ്ങാന്‍ അനുവദിച്ചത്. ഇവര്‍ക്കൊപ്പം പരികര്‍മികളും തടങ്കലില്‍ ആയിരുന്നു.
















