ന്യൂദല്‍ഹി: സന്നദ്ധ സംഘടനകള്‍ സാമൂഹ്യ സേവനത്തിന്റെ മറവില്‍ നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഏതാനും എന്‍ജിഒകളും സംഘടനകളും രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപടിയെടുക്കണം. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ്സും പ്രവര്‍ത്തനവും പോലീസ് നിരീക്ഷിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡാനിയല്‍ ഇ. റിച്ചാര്‍ഡ്സ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വികസന പദ്ധതികള്‍ക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള എന്‍ജിഒകളുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മെയ് മാസത്തില്‍ തൂത്തുക്കുടിയിലെ പ്രക്ഷോഭത്തില്‍ പോലീസ് വെടിവെപ്പില്‍ പതിനൊന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഒരു എന്‍ജിഒയുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന സംസ്ഥാന പോലീസ് മേധാവിമാരുടെ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാകും.
വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ വികസനം പിന്നോട്ടടിപ്പിക്കുന്നതായി ഇന്റലിജന്റ്സ് ബ്യൂറോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വിദേശ സഹായം സ്വീകരിക്കുന്നതിലെ നിബന്ധനകള്‍ ലംഘിച്ച ഗ്രീന്‍പീസ്, കംപാഷന്‍ ഇന്റര്‍നാഷണല്‍ തുടങ്ങി 13000ലേറെ എന്‍ജിഒകളുടെ എഫ്സിആര്‍എ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഏതാനും എന്‍ജിഒകള്‍ക്കെതിരെ അന്വേഷണവും നടക്കുന്നുണ്ട്. ഏതാനും ദിവസം മുന്‍പ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗലുരുവിലെ ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തു. എന്‍ജിഒകളിലൂടെ 2015-16ല്‍ 17773 കോടി രൂപയാണ് ഇന്ത്യയിലെത്തിയതെങ്കില്‍ 2016-17ല്‍ ഇത് 6499 കോടി രൂപയായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: