ന്യൂദല്‍ഹി: ബിജെപിയും കോണ്‍ഗ്രസ്സും മാറിമാറി ഭരിക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടിയിലെ ഭിന്നത കോണ്‍ഗ്രസ്സിന് തിരിച്ചടിയാകുന്നു. മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും നേര്‍ക്കുനേര്‍ പോരാടുന്നതാണ് പാര്‍ട്ടിയെ വലക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അനുയായികള്‍ ചേരിതിരിഞ്ഞ് നേതാക്കള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കുന്നതും നാണക്കേടായി മാറുകയാണ്. ഇരു നേതാക്കളുടെയും സ്വാധീനപ്രദേശങ്ങളില്‍ അനുയായികള്‍ വലിയ പോസ്റ്ററുകളുമായാണ് പരിപാടിക്കെത്തുന്നത്. പാര്‍ട്ടി പരിപാടികള്‍ ഏറ്റുമുട്ടലിനുള്ള വേദിയാക്കുന്നുവെന്ന പരാതി മറ്റ് നേതാക്കള്‍ ഉന്നയിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേതാക്കളുടെ മത്സരം പ്രവര്‍ത്തകരും ഏറ്റുപിടിച്ചതോടെ താഴെത്തട്ടിലും ഗ്രൂപ്പ് പോര് ശക്തമായി. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. സച്ചിന് പൈലറ്റിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ പിന്തുണക്കുന്നത്. എന്നാല്‍ നെഹ്റു കുടുംബത്തിന്റെ അടുപ്പക്കാരനായ ഗെഹ്ലോട്ട് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇതിനിടെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചും പൊട്ടിത്തെറി ആരംഭിച്ചിട്ടുണ്ട്. തെരുവില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
ഇരുനൂറ് സീറ്റുകളിലേക്ക് മൂവായിരത്തിലേറെ സ്ഥാനാര്‍ഥി മോഹികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ പലയിടത്തും വിമത സ്ഥാനാര്‍ഥികളുണ്ടായത് പരാജയത്തിന് കാരണമായതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. 26 സീറ്റുകളില്‍ അയ്യായിരം താഴെ വോട്ടിനാണ് തോറ്റത്. 17 വിമത നേതാക്കളെയാണ് അന്ന് കോണ്‍ഗ്രസ് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: