ഗുവാഹത്തി: അസമിലെ ടിന്സൂക്യയില് ഉള്‍ഫാ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ച് പേര് കൊല്ലപ്പെട്ടു. ഖെര്ബരി ബിസോണിവാരി മേഖലയില്‍ നിന്നാണ് ഇവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇതിന് ശേഷം ലോഹിത് നദീതീരത്ത് വച്ച് ഇവരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് മേധാവി കുലധ്യാര് സൈക്യ പറഞ്ഞു.
സാദിയ ജില്ലയിലെ കെര്ബാരി ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 8.30യിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ പ്രതിഷേധസൂചകമായി ബംഗാളി സംഘടനകള്‍ ടിന്‍സൂക്യ ജില്ലയില്‍ വെള്ളിയാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സൈന്യം പ്രത്യാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചുപേരെ ലോഹിത് നദിയുടെ തീരത്തു കൊണ്ടുവന്ന് നിര്‍ത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി വിവരണം.
സംഭവത്തെ തുടര്‍ന്ന് തീവ്രവാദികള്‍ ഒളിവില്‍ പോയി. സൈന്യം ആസാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: