കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ പിടിവാശിയെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ഹിന്ദുനേതൃ സമ്മേളനം തീരുമാനിച്ചു. രണ്ടാംഘട്ട പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ 120 ഹൈന്ദവ സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ആരംഭിച്ച ഒന്നാംഘട്ട സമരം വിജയമാണെന്ന് ശബരിമല കര്‍മസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം നാലു വരെ ഗ്രാമീണ മേഖലകളില്‍ ശരണഘോഷ പരിക്രമണം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വീടുകള്‍തോറും ശരണമന്ത്ര യജ്ഞം, അഞ്ചിനും ആറിനും നഗരങ്ങള്‍ കേന്ദ്രീകരിച്ച് അഖണ്ഡനാമ ജപയജ്ഞം, കേരളമൊട്ടാകെ ഏഴു മുതല്‍ 10 വരെ ഗൃഹസമ്പര്‍ക്കം, ഒപ്പുശേഖരണം, 10,11, 12 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
നാമജപ യജ്ഞത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണ്. ഇത് ഭക്തരെ മാനസികമായി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പോലീസും മുഖ്യമന്ത്രിയും ആചാരം അടിച്ചേല്‍പ്പിക്കുന്നത്് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. സന്നിധാനത്ത് ഭക്തര്‍ എത്രസമയം നില്‍ക്കണമെന്ന് സര്‍ക്കാരോ പോലീസോ അല്ല തീരുമാനിക്കുന്നത്.
മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡില്‍ അനാവശ്യമായി കൈകടത്തുകയാണ്. ദേവസ്വം ബോര്‍ഡിന് ഭരണച്ചുമതല മാത്രമേയുള്ളു. ആചാരം തീരുമാനിക്കാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. അഞ്ചാം തീയതി നട തുറക്കുമ്പോള്‍ നാമം ജപിച്ച് യുവതീപ്രവേശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കും. നിലയ്‌ക്കലില്‍ സംഘര്‍ഷമുണ്ടാക്കിയത് പോലീസ് വേഷമണിഞ്ഞെത്തിയ ഡിവൈഎഫ്‌ഐക്കാരും സിപിഎം അനുഭാവികളായ പോലീസുകാരുമാണെന്ന് കര്‍മസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല, കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് എന്നിവര്‍ പങ്കെടുത്തു.
















