കൊല്ലം: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറക്കുന്നത് മുന്നില്‍കണ്ട് ആചാര ലംഘനത്തിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് 12 യുവതികള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ഇതില്‍ കഴിഞ്ഞ മാസം വിവാദമുണ്ടാക്കിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവും ഉള്‍പ്പെടുന്നു.
എന്നാല്‍ യുവതികളെക്കുറിച്ച് വ്യക്തമായി പഠിച്ചതിനു ശേഷമേ സുരക്ഷാ കാര്യം പരിഗണിക്കൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും പോലീസും. ഇതില്‍ ഇടത് സഹയാത്രികരായ യുവതികളാണ് കൂടുതല്‍. മഹാരാജാസ് കോളേജിലെ ഇടത് ആഭിമുഖ്യ പ്രസ്ഥാനത്തിലെ വിദ്യാര്‍ഥി സംഘവും സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. ആചാരലംഘനം നടത്തുമെന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയാറല്ല. ഇതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഭരണപക്ഷ യൂണിയനുകളുടെ മേല്‍നോട്ടത്തിലാണ് ഈ ശ്രമം. വിശ്വാസികളായ യുവതികള്‍ ആചാരം പാലിച്ച് ശബരിമല ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകളെത്തിയാല്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുല്ലുമേട് വഴി യുവതികളെ സന്നിധാനത്ത് എത്തിക്കാനാണ് ഒരു നീക്കം. എന്നാല്‍ വനംവകുപ്പ് ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സത്രം-പുല്ലുമേട് പാത എല്ലാ വര്‍ഷവും നവംബര്‍ 15നു ശേഷമേ തുറന്നുകൊടുക്കാറുള്ളൂ. വന്യമൃഗങ്ങളേറെയുള്ള ഈ വഴി ഇപ്പോള്‍ സുരക്ഷിതമല്ല. വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്ന സമയമാണിത്. വണ്ടിപ്പെരിയാര്‍ സത്രം-പുല്ലുമേട്-ഉപ്പുപാറ വഴി സന്നിധാനത്തേക്ക് ഇരുപത്തഞ്ചിലധികം കിലോമീറ്റര്‍ ദൂരം ഉണ്ട്. നിലവില്‍ ഈ പാത കാടുകയറി മൂടിക്കിടക്കുകയാണ്. എന്നാല്‍ വനംവകുപ്പിനെ അനുനയിപ്പിച്ച് അവരുടെ സഹായത്തോടെ യുവതികളെ സന്നിധാനത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
















