കോഴിക്കോട്: ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടത് സമവായത്തിലൂടെയാവണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. വി. മൊയ്തീന്‍ഹാജി സ്മാരക സമിതി ഏര്‍പ്പെടുത്തിയ വി. മൊയ്തീന്‍ഹാജി സ്മാരക പുരസ്‌കാരം സി.പി. കുഞ്ഞഹമ്മദിന് സമ്മാനിച്ച ശേഷം മതേതരത്വവും നീതിപീഠവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണുള്ളത്. മനുഷ്യരാണ് ഇവ ഉണ്ടാക്കിയത്. ചിലഭാഗങ്ങളില്‍ അനുഷ്ഠിക്കുന്നത് ചിലയിടങ്ങളില്‍ തെറ്റായിരിക്കാം. ആചാരങ്ങള്‍ തെറ്റാണെങ്കില്‍ അത് ബോധ്യപ്പെടുത്തി സമവായത്തിലൂടെ മാറ്റം വരുത്താനാണ് ശ്രമിക്കേണ്ടത്. നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. അതു ജനങ്ങള്‍ക്ക് ദുരിതമായി മാറും.
മതപരമായ കാര്യങ്ങളില്‍ രാഷ്‌ട്രം ഇടപെടാത്തതാണ് അഭികാമ്യം. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം അതാണ്. മതപരമായ കാര്യങ്ങള്‍ അത്രയും വൈകാരികവുമാണ്.
രാഷ്‌ട്രീയപാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കുന്നത് വോട്ട് നോക്കിയാണ്. ആധാര്‍ വിധിക്കെതിരെ രാഷ്‌ട്രീയപാര്‍ട്ടികള്‍ പ്രതിഷേധിക്കാതിരുന്നത് ജനങ്ങള്‍ അനുകൂലമായത് കൊണ്ടാണ്. നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് കോടതിവിധിക്കെതിരെ രാഷ്‌ട്രീയപാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















