ന്യൂദല്‍ഹി: നെഹ്റു കുടുംബത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ അവഗണിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ആദരവായി ഏകതാ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
ഗുജറാത്തിലെ കെവാഡിയ ഗ്രാമത്തില്‍ നര്‍മദാ തീരത്ത് 182 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന ഉരുക്കുമനുഷ്യന് പട്ടേലിന്റെ പ്രതിമ രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി മാറി. ഇന്ത്യയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഏകതാ പ്രതിമയെന്ന് മോദി പറഞ്ഞു. ഇന്ത്യ എക്കാലവും ഒരുമിച്ച് നിന്നിട്ടുണ്ട്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബര്‍ 31നാണ് സ്വപ്നപദ്ധതിയായ ഏകതാ പ്രതിമയ്ക്ക് മോദി തറക്കല്ലിട്ടത്. അഞ്ച് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയായാണ് പട്ടേലിന്റെ ജന്മദിനത്തില് ഉദ്ഘാടനത്തിന് മോദിയെത്തിയത്. നാട്ടുരാജ്യങ്ങളെ ഒന്നാക്കി ഐക്യഭാരതം പടുത്തുയര്‍ത്തിയ പട്ടേലിനെ മോദി അനുസ്മരിച്ചു. ഇന്ത്യയുടെ വൈവിധ്യം രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്താക്കി മാറ്റുകയാണ് പട്ടേല്‍ ചെയ്തത്. അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെയാണ് സാമ്പത്തിക നയതന്ത്ര ശക്തിയായി ഇന്ന് രാജ്യം മുന്നേറുന്നത്.
രാജ്യത്തെ പലതായി വിഭജിക്കാനുള്ള ചിലരുടെ ഗൂഢാലോചന ഇല്ലാതാക്കിയ പട്ടേലിന്റെ ധൈര്യവും ശക്തിയും കഴിവും എന്തായിരുന്നുവെന്ന് ലോകത്തെ ഓര്‍മിപ്പിക്കാന്‍ ഏകതാ പ്രതിമയ്ക്ക് സാധിക്കും.
പട്ടേല്‍ ഭൂമിശാസ്ത്രപരമായി ഇന്ത്യയെ ഒരുമിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി സാമ്പത്തികമായി രാജ്യത്തെ ഒന്നാക്കിയതായി മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി, മുഖ്യമന്ത്രി വിജയ് രൂപാണി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ രാജ്യവ്യാപകമായി റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടവും നടന്നു. ഉദ്ഘാടനത്തിന് വ്യോമസേനാ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തി. 2989 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഏകതാ പ്രതിമ ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: