കോട്ടയം: അഴിമതിയും ധൂര്‍ത്തും മൂലം സാമ്പത്തിക അടിത്തറ തകര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മണ്ഡലകാലത്ത് സന്നാഹം ഒരുക്കല്‍ വെല്ലുവിളിയായി. യുവതീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സുരക്ഷയ്ക്കുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരേസമയം 5,000 പോലീസുകാരെയാണ് നിയോഗിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒരുബാച്ചില്‍ 1800 പോലീസുകാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഇവര്‍ക്ക് ഭക്ഷണം, താമസ, സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. പോലീസുകാരെ കൂടാതെ മറ്റു ഉദ്യോഗസ്ഥരുടെ എണ്ണവും കൂടും. വൈദ്യുതി, ആരോഗ്യം, ജല അതോറിട്ടി, ഭക്ഷ്യസുരക്ഷ, എക്സൈസ് തുടങ്ങി 32 സര്‍ക്കാര്‍ വകുപ്പുകള്‍ കണക്കുപറഞ്ഞാണ് സേവനത്തിന് ബോര്‍ഡില്‍ നിന്ന് പണം വാങ്ങുന്നത്.
യുവതീപ്രവേശന വിഷയം സജീവമായതിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നടവരവ് വന്‍തോതില്‍ കുറഞ്ഞു. ചില ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി ഭക്തര്‍തന്നെ പൂട്ടിവച്ചു. ഭണ്ഡാരങ്ങളില് ശരണമന്ത്രങ്ങളെഴുതിയ കടലാസ് തുണ്ടുകളും ലഭിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഭണ്ഡാരത്തില് കാണിക്ക ഇടേണ്ടെന്ന് ഭക്തര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. മണ്ഡല-മകരവിളക്ക് കാലത്തേക്ക് സ്ഥലലേലം എരുമേലിയില്‍ അടക്കം മുടങ്ങിയതും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി. ലക്ഷങ്ങളാണ് ബോര്‍ഡിന് നഷ്ടമായത്.
ശബരിമലയിലെ മൂന്നുമാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. നിറപുത്തരി മുതല്‍ തുലാമാസപൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടിരൂപ മാത്രം. പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസ പൂജകള്‍ക്ക് ഭക്തര്‍ ഇല്ലായിരുന്നു. തുലാമാസപൂജയ്ക്ക് ലഭിച്ചത് 2.69 കോടി. കഴിഞ്ഞ വര്‍ഷം 5.62 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്.
കഴിഞ്ഞവര്‍ഷം ശബരിമലയില്‍ നിന്ന് 255 കോടിയാണ് മൊത്തവരുമാനം. ഇതില്‍ 75 കോടി രൂപയോളം ഉദ്യോഗസ്ഥരുടെ ഭക്ഷണം, ചെലവ്, വൈദ്യുതി എന്നിവയ്ക്കാണ് ചെലവായത്. ശബരിമലയ്ക്ക് വ്യവസായിക നിരക്കിലാണ് വൈദ്യുതി നല്‍കുന്നത്. ഇതുമൂലം പ്രതീക്ഷിച്ചത്ര തുക മിച്ചം പിടിക്കാന്‍ ബോര്‍ഡിന് കഴിയാതെ പോയതും ബോര്‍ഡിന് തിരിച്ചടിയായി.
ജി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: