ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചുവരുന്ന ദല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കിയേക്കും. സ്ഥിതി മോശമായാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരോധിക്കുമെന്ന് അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. ”മലിനീകരണം കൂടുതല്‍ മോശമാവില്ലെന്നാണ് പ്രതീക്ഷ. സ്ഥിതി ഗുരുതരമായാല്‍ പൊതുഗതാഗത സംവിധാനം മാത്രമാകും അനുവദിക്കുക. നവംബര്‍ ഒന്നുമുതല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും”. ബോര്‍ഡ് ചെയര്‍മാന്‍ ഭുരെ ലാല്‍ പറഞ്ഞു.
ഏതാനും ദിവസങ്ങളായി രാജ്യതലസ്ഥാനത്തും അനുബന്ധ മേഖലകളിലും അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചുവരികയാണ്. ഇന്നലെ ഏറ്റവും രൂക്ഷമായ നിലയിലുമെത്തി. പൊടിപടലങ്ങളോടൊപ്പം അന്തരീക്ഷം പുകയില്‍ മുങ്ങി. കാറ്റിന് വേഗതയില്ലാതിനാല്‍ മലീകരണം കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കര്‍ഷകര്‍ കറ്റ കത്തിക്കുന്നതും മലിനീകരണം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
2016-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ആക്ഷന്‍ പ്ലാനില്‍ സ്വകാര്യ വാഹനങ്ങളെ പൂര്‍ണമായും വിലക്കിയിരുന്നില്ല. ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് മൂന്നും നാലും ഇരട്ടിയായി വര്‍ദ്ധിപ്പിക്കുകയും മെട്രോ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തു. വായുമലിനീകരണം കാരണം അഞ്ച് വര്‍ഷത്തില്‍ കുറവ് പ്രായമുള്ള ഒരു ലക്ഷത്തിലേറെ കുട്ടികള്‍ 2016ല്‍ രാജ്യത്ത് മരിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
















