ന്യൂദൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. അവർക്ക് എവിടെയും പോകാൻ അനുമതിയുണ്ടാകണം. അതിനാൽ അവിടെ യുവതികളെ അനുവദിക്കണം. രാഹുൽ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും പാർട്ടിയുടെയും നിലപാടിന് കടക വിരുദ്ധമാണ് രാഹുലിന്റെ പ്രസ്താവന. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ യുവതി പ്രവേശനത്തെ എതിർക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസ് ആദ്യം അനുകൂലിച്ചെങ്കിലും പിന്നീടാണ് എതിർപ്പുമായി ഇറങ്ങിയത്.
എങ്കിലും ശബരിമല വിഷയത്തിൽ പാർട്ടി കാര്യമായ പ്രക്ഷോഭം ഒന്നു നടത്തുകയോ അഭിപ്രായ സമന്വയത്തിന് ശ്രമിക്കുകയോ ചെയ്യുന്നുമില്ല. ചില നേതാക്കൾ ചിലപ്പോൾ ചില പ്രസ്താവനകൾ ഇറക്കുമെന്നല്ലാതെ കോൺഗ്രസിന് ശക്തമായ പ്രതിഷേധമോ ശബരിമലയിൽ ആചാരനുഷ്ഠാനങ്ങൾ തകർക്കാൻ തുനിഞ്ഞിറങ്ങിയ ഇടതു സർക്കാരിനെതിരെ സമരമോ ഒന്നുമില്ല.
ബിജെപിയും പരിവാർ സംഘടനകളും ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചതോടെയാണ് കോൺഗ്രസ് ചില പ്രസ്താവനകളുമായി വന്നതു തന്നെ. യുവതി പ്രവേശനത്തെ അനുകൂലിച്ച കേന്ദ്ര നേതൃത്വത്തെ പറഞ്ഞു മനസിലാക്കാൻ ചില നേതാക്കൾ ദൽഹിക്ക് പോയി രാഹുൽ അടക്കമുള്ളവരെ കണ്ട് സംസാരിച്ചെങ്കിലും അതൊന്നും ഫലിച്ചില്ലെന്നാണ് രാഹുലിന്റെ പ്രസ്താവന നൽകുന്ന സൂചന.
മുൻദേവസ്വം ബോർഡ് അധ്യക്ഷന്മാർ ആയിരുന്ന ജി. രാമൻനായരും പ്രയാർ ഗോപാലകൃഷണനുമാണ് ശക്തമായ നിലപാടുമായി വന്നത്. ഒടുവിൽ രാമൻ നായർ ബിജെപിയിൽ എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായിൽ നിന്ന് അംഗത്വവുമെടുത്തു. സമരത്തിന് പോകേണ്ടെന്നും സിപിഎമ്മിനെതിരെ പ്രക്ഷോഭം വേണ്ടെന്നുമുള്ള സൂചന കോൺഗ്രസ് നേതൃത്വം നൽകിയതോടെ പ്രയാറും ഇപ്പോൾ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: