തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം എറണാകുളത്തിന്. തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്രത്തിലെ 13-ാം കിരീടവുമാണ് എറണാകുളം സ്വന്തമാക്കിയത്. മികച്ച സ്‌കൂളിനുള്ള കിരീടം കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസും തിരിച്ചുപിടിച്ചു. 2014-ല്‍ കൈവിട്ട കിരീടമാണ് ഇത്തവണ അനന്തപുരിയില്‍ രാജുപോളിന്റെ ശിക്ഷണത്തിലിറങ്ങിയ സെന്റ് ജോര്‍ജ് കുട്ടികള്‍ സ്വന്തമാക്കിയത്.
253 പോയിന്റ് നേടിയാണ് എറണാകുളം ടീം ചാമ്പ്യന്‍ഷിപ് കിരീടം അരക്കിട്ട് ഉറപ്പിച്ചത്. 196 പോയിന്റ് നേട്ടവുമായി പാലക്കാട് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആതിഥേയരായ തിരുവനന്തപുരം 101 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 100 പോയിന്റ് നേട്ടത്തില്‍ കോഴിക്കോടാണ് നാലാം സ്ഥാനത്ത്.
30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവും നേടിയാണ് എറണാകുളത്തിന്റെ താരങ്ങള്‍ കിരീടം ഉയര്‍ത്തിയത്. പാലക്കാടിന് 24 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവും ലഭിച്ചു. മൂന്നാം സ്ഥാനം ലഭിച്ച തിരുവന്തപുരത്തിന് 10 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവും ലഭിച്ചപ്പോള്‍ നാലാംസ്ഥാനം നേടിയ കോഴിക്കോടിന് എട്ട് സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവും ലഭിച്ചു. എറണാകുളത്തിന് കഴിഞ്ഞ വര്‍ഷം പാലായിലെ മേളയില്‍ 34 സ്വര്‍ണം ലഭിച്ചത് ഇത്തവണ 30 ആയി ചുരുങ്ങി. രണ്ടാം സ്ഥാനക്കാരനായ പാലക്കാട് രണ്ട് സ്വര്‍ണം അധികം നേടി.
കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ മണിപ്പൂരിത്താരങ്ങളുടെ പിന്‍ബലത്തില്‍ ചാമ്പ്യന്‍ഷിപ്പ് തിരികെ നേടിയപ്പോള്‍ സ്ഥിരം എതിരാളികളും ചാമ്പ്യനുമായ കോതമംഗലം മാര്‍ ബേസിലിസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 10 സ്വര്‍ണവും ഒന്‍പത് വെള്ളിയും ആറ് വെങ്കലവുമടക്കം 81പോയിന്റാണ് സെന്റ് ജോര്‍ജിന് ലഭിച്ചത്. 62 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കുതിച്ചെത്തിയ പാലക്കാട് കെഎച്ച്എസ് മേളയിലെ താരമായി. 10 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയാണ് രണ്ടാംസ്ഥാനത്തേക്ക് പറന്നുയര്‍ന്നത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മാര്‍ ബേസിലിന്റെ അക്കൗണ്ടില്‍ അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും ചേര്‍ത്ത് 50 പോയിന്റ് മാത്രമായി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്‌കൂള്‍ 28 പോയിന്റില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഒമ്പതാം സ്ഥാനത്ത് തുടരുന്ന നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസ് ഇത്തവണ നാലാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവത്തിന്റെ കരുത്തില്‍ 45 പോയിന്റുമായാണ് നാട്ടിക നാലാംസ്ഥാനത്ത് എത്തിയത്. അഞ്ചാം സ്ഥാനത്ത് എത്തിയ പറളി സ്‌കൂള്‍ മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കല നേട്ടവുമായി 32 പോയിന്റ് നേടി.
















