തിരുവനന്തപുരം: മേളയിലെ വേഗറാണിയായി പറന്നുയരുമ്പോള്‍ ഇഷ്ട ഇനമായ ലോങ് ജംപിലെ കണ്ണുനീരിനുള്ള പ്രതികാരം കൂടായായിരുന്നു തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയായ ആന്‍സിക്ക്. നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.
ജില്ലാ സ്‌കൂള്‍ കായിക മേളയ്‌ക്കിട്ക്ക് പരിക്കേറ്റ ഭേദമാകുന്നതിന് മുമ്പ് ആന്‍സിക്ക്് സംസ്ഥാനതല മത്സരത്തിനെത്തേണ്ടിവന്നു. വേദനകാരണം ഇഷ്ട ഇനമായ ലോങ് ജമ്പില്‍ ടേക്ക് ഓഫ് ചെയ്യാനായില്ല. വെള്ളിയെങ്കിലും പ്രതീക്ഷിച്ചിടത്ത് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ കാലുകള്‍ ബാന്‍ഡേജുകള്‍കൊണ്ട് വരിഞ്ഞു മുറുക്കി, വേദന സംഹാരികളും പുരട്ടിയാണ് 100 മീറ്ററില്‍ ഇറങ്ങിയത്. മികച്ച ഓട്ടക്കാരായ പി എസ് പ്രഭാവതിയേയും അപര്‍ണ റോയിയേയും പിന്നിലാക്കിയാണ് വേഗറാണിയായി മാറിയത്. മികച്ച സമയമാണ് (12.26 സെക്കന്റ്) ആന്‍സി കുറിച്ചത്.
ഓാട്ടോറിക്ഷക്കാരായ അച്ഛന്‍ സോജനും പരിശീലകന്‍ കണ്ണനുമാണ് ആന്‍സിയുടെ കരുത്ത്. അച്ഛനും പരിശീലകനും ചേര്‍ന്ന് കടംവാങ്ങിയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയുമാണ് സംസ്ഥാന കായികമേളയ്‌ക്കെത്താനുള്ള പണം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍നടന്ന സ്‌കൂള്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
















