മട്ടന്നൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറന്നിറങ്ങി. വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അമിത് ഷാ ആദ്യ യാത്രക്കാരനായി എത്തിയത്. വിമാനത്താവളത്തിലെത്തിയ അമിത്ഷായ്ക്ക് നല്കിയ സ്വീകരണം ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി.
ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ അമിത്ഷായെ സ്വീകരിക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ നിന്നും പുറത്തിറങ്ങിയ അമിത് ഷായെ മുദ്രാവാക്യ വിളികളാല്‍ പ്രവര്‍ത്തകര്‍ ഏതിരേറ്റു. തുടര്‍ന്ന് നൂറുകണക്കിന് ബൈക്കുകളുടേയും വാഹനങ്ങളുടേയും അകമ്പടിയോടെ കണ്ണൂരിലേക്ക് ആനയിച്ചു. നിശ്ചയിച്ചതില്‍ നിന്നും ഒന്നര മണിക്കൂര്‍ വൈകി രാവിലെ 11.40 ഓടെ വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായെ പാര്‍ട്ടി സംസ്ഥാന നേതാക്കളും കിയാല്‍ അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. അമിത് ഷായോടൊപ്പം ഭാര്യ സൊണാല്‍ ഷായും വി.മുരളീധരന് എംപിയും ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ബിജെപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി എച്ച്.രാജ, പി.കെ.കൃഷ്ണദാസ്, നളീന്‍കുമാര്‍ കട്ടീല്‍ എംപി, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അമിത് ഷായെ സ്വീകരിച്ചു.
ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് അമിത് ഷാ കണ്ണൂരില്‍ എത്തിയത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ ഉത്തമന്റെയും മകന് രമിത്തിന്റെയും പിണറായിയിലെ വീട് അമിത് ഷാ സന്ദര്‍ശിച്ചു. കണ്ണൂരിലെ പരിപാടിക്കു ശേഷം ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ശിവഗിരിയിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: