കണ്ണൂര്‍: അയ്യപ്പ സ്വാമിക്ക് ഉറക്കെ ശരണം വിളിക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത് കൊണ്ടും ഭാരത് മാതാക്കി ജയ്വിളികളോടെയുമായിരുന്നു ഇന്നലെ കണ്ണൂരില്‍ നടന്ന മാരാര്‍ജി ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രസംഗത്തിന് തുടക്കമിട്ടത്. പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം ഭാരത് മാതാക്കി ജയ് വിളിക്കുകയും ശരണ മന്ത്രം മുഴക്കുകയും ചെയ്തു. ശരണംവിളിയുടെ ശബ്ദം പോരെന്നും ശബരിമലയിലെ അയ്യപ്പന് കേള്‍ക്കത്തക്ക വിധത്തില്‍ വിളിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടപ്പോള്‍ സമ്മേളന നഗരിയെ പ്രകമ്പനം കൊളളിച്ചു കൊണ്ട് ശരണ മന്ത്രം മുഴങ്ങി. പ്രസംഗം അവസാനിക്കുന്നതുവരെ ദേശീയ അധ്യക്ഷന്റെ വാക്കുകളെ കൈയടികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്കെതിരായ നീതിനിഷേധം തുറന്നു കാട്ടുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം.
കേരളത്തിലെ മാത്രമല്ല, ഭാരതത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അഭിമാനകരമായ ദിവസമാണ് ഇന്നെന്നും ഓരോ പ്രവര്‍ത്തകനെയും രാജ്യസ്നേഹിയെയും സംബന്ധിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവന് ഒരു തീര്‍ത്ഥാടന കേന്ദ്രമാണെന്നും അമിത്ഷാ പറഞ്ഞു. സുപ്രധാനമായ ദിനമാണ് ഇന്ന്. കാരണം നമ്മുടെ ആശയത്തിനും സംഘടനയുടെ വളര്‍ച്ചക്കും വേണ്ടി 100ഓളം പ്രവര്‍ത്തകരുടെ ജീവന് ബലിയര്‍പ്പിച്ച ജില്ലയാണിത്. ഇവിടെയാണ് ബിജെപിയുടെ ഒരു കാര്യാലയം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് തുടര്‍ന്നും ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന അമിത് ഷായുടെ വാക്കുകള്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: