കേരളമാകെ ശരണമന്ത്രം മുഴങ്ങുമ്പോള്‍ കൊട്ടാരക്കരയിലെ പിള്ളയദ്ദേഹം മാത്രം പിണറായിക്ക് ശരണം വിളിക്കുകയാണ്. കരിമല കയറ്റത്തേക്കാള്‍ പിള്ളയ്ക്ക് കഠിനം ഇടതുമുന്നണിയിലേക്കുള്ള കയറ്റമാണെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെ കടപ്പാട് പിള്ളയ്ക്ക് പിണറായിയോട് ഇത്തിരി കൂടാനാണ് സാധ്യത. പട്ടികജാതിപ്രേമമൊക്കെ വാതോരാതെ വിളമ്പുന്നുണ്ടെങ്കിലും അവര്‍ക്കില്ലാത്ത വികസനം മുന്നാക്കക്കാര്‍ക്ക് വരുത്താനായിരിക്കണമല്ലോ പിള്ളയ്ക്ക് കാബിനറ്റ് റാങ്കും കൊടിവെച്ച കാറും കൊടുത്ത് പിണറായി കൂടെകൂട്ടിയിരിക്കുന്നത്. പിണറായി പ്രസംഗിക്കുന്ന വേദിയിലൊക്കെ കേറി അയ്യപ്പന്മാരെ ആക്ഷേപിക്കലാണ് ഉപകാരസ്മരണകൊണ്ട് ഇപ്പോള്‍ പിള്ള നടത്തുന്നത്.
പിള്ള പിണറായിയെ പോലെ ഒരു വെറുംപാര്ട്ടിക്കാരനല്ല. എന്‍എസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് കൂടിയാണ്. ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന തികഞ്ഞ ധാര്‍ഷ്ട്യത്തിന് കനത്ത മറുപടി കൊടുത്ത നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരു താലൂക്ക് യൂണിയന് പ്രസിഡന്റ് നേതൃത്വത്തെയാകെ ധിക്കരിച്ച് പിണറായിക്ക് ശരണം വിളിക്കുന്നതിന്റെ അമര്‍ഷം സമുദായാംഗങ്ങള്‍ക്കിടയില്‍ പരന്നുതുടങ്ങിയിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം എന്‍എസ്എസ് താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ അയ്യപ്പവിശ്വാസസംരക്ഷണത്തിനായി നാമജപയാത്രകള്‍ നടന്നപ്പോഴും പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് പിണറായി വിജയന്റെ രോഗശാന്തിശുശ്രൂഷയിലായിരുന്നുവത്രെ. പിള്ളയുടെ താലൂക്ക് യൂണിയനില്‍പെട്ട കരയോഗങ്ങള്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ സ്വന്തം നിലയില്‍ നാമജപയാത്രകള്‍ നടത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയും സമരമുഖത്തിറങ്ങുകയും ചെയ്തു. എന്നിട്ടും പിള്ളയ്ക്ക് കുലുക്കമുണ്ടായില്ല. കീഴൂട്ട് വീട്ടിലെ പത്തായപ്പുരയില്‍ നിന്ന് കൊട്ടാരക്കരയിലെ പ്രമാണി പിന്നെ പുറത്തിറങ്ങിയത് പിണറായി പിരിവും കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ്. അപ്പോള്‍ തുടങ്ങിയ ത്വരയാണ്. മൈക്കിനുമുന്നില്‍ പണ്ടേ വാ പോയ കോടാലിയാണ് പിള്ള. എവിടെയെന്ന് നോക്കാതെ തലങ്ങും വിലങ്ങും വെട്ടും. താനൊരു തമാശക്കാരനാണെന്ന മട്ടില്‍ ആണിന്റെയും പെണ്ണിന്റെയും സ്വരത്തില്‍ മിമിക്രി കാട്ടി വര്‍ത്തമാനം പറയും. എതിരാളികളെ അശ്ലീലം പറഞ്ഞ് തോല്പിക്കുന്നതില് എ ഗ്രേഡാണ് പ്രസംഗം.
പിണറായിക്കൊത്ത പിള്ള എന്നാണ് ഇപ്പോഴത്തെ ചൊല്ല്. അമ്മാതിരി പ്രസംഗങ്ങളുടെ പേരില്‍ മാത്രം പ്രതിക്കൂട്ടില്‍ പലതവണ കയറിയിട്ടുണ്ട് പിള്ളയദ്ദേഹം. പഞ്ചാബ് മോഡല്‍ മുതല്‍ മുസ്ലീം പള്ളിയിലെ വാങ്ക് വിളിയെ അധിക്ഷേപിച്ചതുവരെ പിള്ളയുടെ വിടുവായത്തം നിറഞ്ഞാടിയ വേദികള്‍ നിരവധിയാണ്.
ഇപ്പോള്‍ കുറച്ചുകാലമായി വലിയ മിണ്ടാട്ടമില്ലാതിരുന്ന പിള്ളയ്ക്ക് ഇപ്പോള്‍ തമ്പുരാന് പിണറായിയുടെ കാവല്‍പ്പണി കിട്ടിയപ്പോള്‍ പെരുന്നയിലേക്ക് നോക്കിയും കൂവിവിളിക്കാമെന്ന ധൈര്യമായി. കൊല്ലത്ത് ശബരിമലയ്ക്കെതിരെ പ്രസംഗിച്ച് പിണറായി മുഖ്യനെ പതപ്പിച്ചെടുക്കുകയായിരുന്നു പിള്ളയുടെ ഉദ്ദേശ്യം. ഒരു താക്കോല്‍ സ്ഥാനത്തിന് ഇനിയും പ്രായമുണ്ടെന്ന അതിമോഹമെന്നല്ലാതെ എന്തുപറയാന്‍?
പിണറായിയുടെ വര്‍ഗശത്രു വേലിക്കകത്ത് അച്യുതാനന്ദന് ഭരണം പരിഷ്കരിച്ച് ഒപ്പമിരിക്കുമ്പോള്ത്തന്നെ വേണം പിള്ള കൊടിവെച്ച കാറില്‍ പറക്കാന്‍. അഴിമതിക്കാരനായ പിള്ളയെ തുറുങ്കിലടച്ചല്ലാതെ വിശ്രമമില്ലെന്ന് വീമ്പിളക്കിയ അച്യുതാനന്ദന് കാസ്ട്രോ പരുവത്തില്‍ വിശ്രമം തന്നെ തൊഴിലാക്കി ജീവിക്കുകയാണ്.
അഴിമതി മുതല്‍ വിഐപി പീഡനം എന്തും മാന്യമായ പണിയാണ് പിണറായിയുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും. ആകെ പൊറുക്കാനാകാത്തത് അമ്പലങ്ങളും ആചാരങ്ങളുമാണ്. സ്ത്രീസുരക്ഷയ്ക്കായി പോരാടാന്‍ പി.കെ. ശശിയെയും അയ്യപ്പന്മാരെ അധിക്ഷേപിക്കാന്‍ പിള്ളയെയും കൂടെക്കൂട്ടിയാണ് പിണറായി വിജയന് പുതിയ കേരളം നിര്‍മ്മിക്കുന്നത്. ആ കേരളത്തിന്റെ കോലം എന്താവുമെന്നേ ഇനി അറിയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: