കൊച്ചി/കോട്ടയം യുവതീപ്രവേശന വിഷയത്തില്‍ വെട്ടിലായ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നത് അയ്യപ്പന്മാരോട്. ശബരിമല ദര്‍ശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം പ്രതികാരത്തിന്റെ ഭാഗമാണ്. മണ്ഡല മകരവിളക്കു കാലത്ത് തീര്‍ഥാടകരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും മറ്റുമാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും പദ്ധതി. ഇത് ആയിരങ്ങള്‍ക്ക് അയ്യപ്പ ദര്‍ശനം നിഷേധിക്കുന്നതിനു തുല്യമാണ്.
പോലീസിന്റെ വെര്‍ച്വല്‍ ക്യൂ വഴിയും ഓണ്‍ലൈനിലും ബുക്കു ചെയ്യുന്നവരെ മാത്രം കയറ്റാനാണ് പദ്ധതി. ഇത് പതിനായിരങ്ങള്‍ക്ക് അവസരം ഇല്ലാതാക്കും.
തിരക്കുള്ള സമയത്ത് പലപ്പോഴും അയ്യപ്പന്മാര്ക്ക് ശബരീശനെ ഭംഗിയായി തൊഴാന്‍ പോലും സാധിക്കില്ല. അതിനാല്‍ മിക്കവരും സന്നിധാനത്ത് എവിടെയെങ്കിലും തങ്ങി തിരക്കു കുറഞ്ഞ സമയം നോക്കി എത്തി ദര്‍ശനം നടത്തി സംതൃപ്തരായി മടങ്ങും. അതിനും ഇനി സാധ്യമില്ല. 24 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരും പോലീസും പറയുന്നത്. ഇങ്ങനെ തങ്ങുന്നവരില്കൂടുതലും ഇതരസംസ്ഥാനക്കാരാണ്. വ്രതം നോറ്റ് വാഹനങ്ങള്‍ പിടിച്ച് ശരണവഴിയിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിവരുന്ന ഇവര്‍ ഒരു സെക്കന്‍ഡ് കൊണ്ട് അയ്യനെ ദര്‍ശിച്ച് മടങ്ങാന്‍ വരുന്നവരല്ല. അയ്യനെ കണ്‍കുളിര്‍ക്കെ കണ്ട് പ്രാര്‍ഥിച്ച് മടങ്ങാനാണ് ഇവര്‍ക്ക് ആഗ്രഹം. ഇവരെ പിടിച്ച് മടക്കി വിടാനാണ് സര്‍ക്കാരിന്റെ ആലോചന.
ഇപ്പോള്‍ തന്നെ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ജനലക്ഷങ്ങള്‍ അയ്യനെ കണ്ടു മടങ്ങുന്നത്. നിയന്ത്രണങ്ങള്‍ വരുന്നതോടെ ക്യൂ നില്‍ക്കേണ്ട സമയം കൂടും. കാനന പാതയില്‍ വിശ്രമത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ തീരെ പരിമിതിമാണ്. ക്യൂ നിന്ന് മടുക്കുമ്പോള്‍ ഇരിക്കാന്‍ സൗകര്യം വേണം. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യം വേണം. കുടിവെള്ളം ലഭ്യമാക്കണം. നിലവില്‍ ഇതൊന്നും വഴിയില്‍ ആവശ്യത്തിന് ലഭ്യമല്ല.
ഓണ്‍ലൈനിലും വെര്‍ച്വല്‍ ക്യൂവിലും ബുക്കു ചെയ്തവര്‍ക്ക് ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് എത്താന്‍ കഴിയാതെ വരാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ വഴിയില്ല. ദര്‍ശനത്തിന് ലഭിച്ച സമയത്ത് എത്താന്‍ കഴിയാതെവന്നാല്‍ പിന്നെന്ത് എന്ന ചോദ്യവുമുണ്ട്.
പ്രതിവര്‍ഷം ജനകോടികള്‍ എത്തുന്ന ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം ശബരിമലയെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. അയ്യപ്പന്മാരുടെ എണ്ണം കുറച്ച്, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തീര്‍ഥാടനത്തിന്റെ പ്രാധാന്യം കുറയ്ക്കുക, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് സംശയം ഉയരുന്നത്.
തിരുപ്പതി പോലെ വര്‍ഷം മുഴുവന്‍ തുറന്നിടുന്ന ക്ഷേത്രമല്ല ശബരിമല. മണ്ഡല- മകരവിളക്ക് സമയത്ത് മാത്രം നട തുറക്കുന്നതിനാല്‍ ഒരേസമയം ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സമയത്ത് ദര്‍ശനം നടത്താന്‍ സന്നിധാനത്ത് എത്തുന്നതിനും ഒട്ടേറെ ബുദ്ധിമുട്ടുണ്ട്.
ഓണ്‍ലൈന്‍ ബുക്കിങിന് പരിമിതികളുണ്ട്. നിലയ്ക്കല്‍ വരെ മാത്രമെ ഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ എന്നതിനാല്‍ പമ്പയിലെത്തണമെങ്കില് കെഎസ്ആര്‍ടിസി ബസ്സിനെ ആശ്രയിക്കണം.
വെര്‍ച്വല്‍ ക്യൂ തിരക്കുള്ളപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ താളം തെറ്റിയിരുന്നു. ഇവര്‍ക്ക് ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ പ്രത്യേക വരി തിരക്കില്‍ ഇല്ലാതെയായി. ഇതുവഴി ബുക്ക് ചെയ്ത് വരുന്നവരെ സാധാരണ ഭക്തര്‍ക്കൊപ്പമാണ് ദര്‍ശനത്തിന് വിട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങി നെയ്യഭിഷേകവും നിര്‍മാല്യദര്‍ശനവും നടത്തിയാണ് മലയിറങ്ങുന്നത്. വിലക്കു വരുമ്പോള്‍ നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്താനുള്ള ഭക്തരുടെ ആഗ്രഹവും നടക്കില്ല.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാതെ ഭക്തര്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന കാര്യത്തിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സാധാരണക്കാരില്‍ സാധാരണക്കാരായ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്കിങ് ചെയ്യാന്‍ അറിവുള്ളവരാണെമെന്നില്ല. കാല്‍നടയായി ദര്‍ശനത്തിന് വരുന്ന അനേക ലക്ഷം ഭക്തരുണ്ട്. പരമ്പരാഗത പാതയില്‍ കൂടി വരുന്ന ഇവര്‍ ഇടത്താവളങ്ങളില്‍ വിശ്രമിച്ചും താമസിച്ചുമാണ് വരുന്നത്. പ്രതികൂല കാലാവസ്ഥമൂലം നിശ്ചിത സമയത്ത് ഇവര്‍ക്ക് സന്നിധാനത്ത് എത്താന്‍ കഴിയാതിരുന്നാല്‍ അങ്ങനെയുള്ളവരെ മടക്കി അയയ്ക്കുമോ അതോ ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: