മുണ്ടക്കയം: തലമുറകളായി കാടിന്റെ മക്കളുടെ ഉടമസ്ഥതയിലായിരുന്ന വള്ളിയാങ്കാവ് ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കലാക്കിയതിന് പിന്നില്‍ വഞ്ചനയുടെ ചരിത്രം. മലയരയരെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നാളിതുവരെ മാറിമാറി വന്ന സര്‍ക്കാരുകളോ ദേവസ്വം ബോര്‍ഡോ പാലിച്ചിട്ടില്ല.
മുണ്ടക്കയം ടി. ആര് ആന്റ് ടി എസ്റ്റേറ്റിന് നടുവിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം 1993 വരെ മലയരയര്ക്കായിരുന്നു. എന്നാല്‍ കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ 1993 നവംബര്‍ 8 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ അനുകൂല ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ വനവാസികളെ ഒഴിപ്പിച്ച് ക്ഷേത്രാധികാരം കൈവശപ്പെടുത്തി.
തങ്ങളുടെ പൂര്‍വികരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയും കോടതി വ്യവഹാരങ്ങളിലെ പരിചയക്കുറവും മുതലാക്കി ക്ഷേത്ര അധികാരം കൈവശപ്പെടുത്തിയെന്നാണ് മലയരയ വിഭാഗത്തിലെ പിന്മുറക്കാര് പറയുന്നത്. അന്ന് മലയരയ വിഭാഗത്തിന്റെ അവകാശങ്ങളെ അവഗണിച്ചാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.
1963 ലും ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മലയരയരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. രാജഭരണത്തിന് കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളും സ്വത്തുക്കളും ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ക്ഷേത്രം ഏറ്റെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വഞ്ചിപ്പുഴ സ്വരൂപം കരമൊഴിവാക്കി കൊടുത്ത ക്ഷേത്രവും ഭൂമിയുമാണെന്നാണ് മലയരയര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം നിയമത്തിന്റെ പിന്‍ബലത്തോടെ കോടതിയേയും അധികാര കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ നിരാലംബരായ അവര്‍ക്ക് കഴിഞ്ഞില്ല.
വനവാസി വിഭാഗത്തിലെ ഏഴ് കരക്കാര്ക്കായിരുന്നു വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ അവകാശം. ക്ഷേത്രം ബോര്‍ഡ് ഏറ്റെടുക്കുന്ന അവസരത്തില്‍ 7 പേര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഒരാള്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ക്ഷേത്രത്തിലെ വരുമാനം കണ്ട് സര്‍ക്കാര്‍ വനവാസികളെ വഞ്ചിക്കുകയായിരുന്നു. രണ്ടരക്കോടിയാണ് ക്ഷേത്രത്തിലെ വാര്‍ഷിക വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: