കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലാമാറ്റത്തെ ഏറെ പ്രതീക്ഷകളോടെയാണ് സഹൃദയലോകം ഉറ്റുനോക്കുന്നത്. കാത്തിരുന്ന പതനം എന്നാണ് ഒരെഴുത്തുകാരന് മാറ്റത്തെ സൂചിപ്പിച്ചത്. പരമ്പരാഗത വായനക്കാരെയും എഴുത്തുകാരെയും പടിക്കു പുറത്താക്കി അരാജകവാദികളുടെയും ആക്ടിവിസ്റ്റുകളുടെയും മുഖപ്രസിദ്ധീകരണമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് മാറി എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
യൂസഫലി കേച്ചേരിയുടെ മിശിഹാ എന്ന ഖണ്ഡ കാവ്യം വിശദീകരണം പോലും നല്‍കാതെ പത്രാധിപര്‍ തിരിച്ചയച്ചുവെന്ന് ഒരെഴുത്തുകാരന് പറഞ്ഞു. പിന്നീടത് കലാകൗമുദി പ്രസിദ്ധീകരിക്കുകയായിരുന്നു. ആഴ്ചപ്പതിപ്പ് തിരസ്കരിച്ച ഖണ്ഡകാവ്യം പിന്നീട് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. ഒഎന്‍വിയുടെ അവസാനകാലത്ത് മാതൃഭൂമി ആദ്ദേഹത്തിന്റെ കവിതകള്‍ തിരസ്കരിച്ചതിനാല്‍ ഭാഷാപോഷിണിയിലായിരുന്നു കൂടുതലും പ്രസിദ്ധീകരിച്ചത്. എം.വി. ദേവന് മാതൃഭൂമി വാരികക്കെതിരെ പരസ്യമായി രംഗത്തു വന്നതും അക്കാലത്തായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആരെഴുതണമെന്നും ആരെഴുതരുതെന്നും കോഴിക്കോട്ടെ പ്രമുഖമായ ഒരു ഹോട്ടലിലെ മുറിയില്‍ വെച്ചാണ് തീരുമാനങ്ങളുണ്ടാവുന്നതെന്ന് എഴുത്തുകാരുടെ ഇടയില്‍ ഏറെ പ്രചാരമുണ്ടായിരുന്നു. മാതാ അമൃതാനന്ദമയിക്കെതിരെയുള്ള വിവാദ ലേഖനം പ്രസിദ്ധീകരിച്ചതില്‍ വായനക്കാരില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് കമല്‍റാം സജീവ് ലീവില്‍ പോയെങ്കിലും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയായിരുന്നു. ഗാന്ധിജി മാതൃഭൂമി സന്ദര്‍ശിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഗാന്ധിജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പരാമര്‍ശമുള്ള ലേഖനം പ്രസിദ്ധീകരിക്കാനും വാരികയുടെ ചുമതലക്കാര്‍ തയാറായി. എന്നാല്‍ വാരിക അച്ചടിച്ച് പുറത്തുപോകുന്നതിന് മുമ്പ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മുഴുവന്‍ വാരികകളും കണ്ടെടുത്തു പുതിയ വാരിക അച്ചടിച്ചിറക്കുകയായിരുന്നു.
മഹാത്മാ ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന വി. കല്യാണവുമായുള്ള അഭിമുഖത്തില്‍ തെറ്റായ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ വെളിപ്പെടുത്തിയെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന് ‘ജന്മഭൂമി’യോട് പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെ ഗാന്ധിജി അവിശ്വസിച്ചു എന്ന് വി. കല്ല്യാണം പറഞ്ഞതായാണ് അഭിമുഖത്തില്‍ അച്ചടിച്ചു വന്നത്. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സംഭവം വിശദീകരിച്ചുകൊണ്ട് കല്യാണം പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയും കല്യാണം വിമര്‍ശനമുന്നയിച്ചു എന്ന് അഭിമുഖത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതും അദ്ദേഹം നിഷേധിച്ചിരുന്നുവെന്ന് കുമാര്‍ ചെല്ലപ്പന് പറയുന്നു.
എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കരുതെന്ന് അഭിപ്രായമുള്ളവര്‍ മാതൃഭൂമിയിലുണ്ടായിരന്നു. ആസൂത്രിത നീക്കങ്ങളിലൂടെ നോവല്‍ പുറത്തുവന്നു. വിവാദമായതിനെതുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. സമൂഹം തന്റെ എഴുത്തിനെ തിരിച്ചറിയുന്ന കാലത്ത് മാത്രമേ നോവല്‍ പ്രസിദ്ധീകരിക്കൂ എന്ന് ഹരീഷ് പറഞ്ഞെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ ഡി സി പുസ്തകമായി അത് പുറത്തിറക്കി.
എഴുത്തുകാരനും പ്രസാധകനും വേണ്ടി ഉണ്ടാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് മീശ വിവാദം ഉത്ഭവിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. പ്രമുഖരായ പത്രാധിപന്മാര് വളര്‍ത്തിയെടുത്ത മാതൃഭൂമിയുടെ പാരമ്പര്യം എന്‍.വി. കൃഷ്ണവാരിയരിലൂടെയും എം.ടി. വാസുദേവന്‍ നായരിലൂടെയും തുടരുകയും ടി. ബാലകൃഷ്ണന് വരെ നിലനില്ക്കുകയും ചെയ്തിരുന്നുവെന്ന് സാഹിത്യ ലോകം വിലയിരുത്തുന്നു. സുഭാഷ് ചന്ദ്രന് ചുമതലയേറ്റതോടെ പഴയ പ്രതാപത്തിലേക്ക് ആഴ്ചപ്പതിപ്പ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വായനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: