ആറ്റിങ്ങല്‍: എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രക്ക് തലസ്ഥാന ജില്ലയിലേക്ക് വന്‍ വരവേല്‍പ്പ്. എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ യാത്രാ നായകന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ ആറ്റിങ്ങല്‍ ആലംകോട് വെച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഷാളണിയിച്ച് സ്വീകരിച്ചു. പതിനായിരങ്ങള്‍ അയ്യപ്പമന്ത്രങ്ങള്‍ ഉരുവിട്ട് യാത്രയില്‍ പങ്കെടുക്കാന്‍ ആലംകോട്ട് എത്തിയിരുന്നു.
ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടക്കാട് ശശിയുടെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തില്‍ സുരേഷ് ഗോപി എംപി ജില്ലാ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
ശബരിമല സംരക്ഷണയാത്ര ഓരോദിനം പിന്നിടും തോറും സംസ്ഥാന സര്‍ക്കാര്‍ അപവാദ പ്രചരണങ്ങള്‍ തുടരുകയാണെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഭിന്നിപ്പിച്ച് വിശ്വാസികളെ തകര്‍ക്കാമെന്നാണ് സിപിഎം കരുതുന്നത്. പക്ഷേ കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഭക്തജനങ്ങള്‍ നിങ്ങളെ കൈകാര്യം ചെയ്യും, ശ്രീധരന്‍പിള്ള പറഞ്ഞു. തീര്‍ഥാടന കേന്ദ്രത്തെ തകര്‍ക്കാന്‍ പിണറായിയുടെ നിരീശ്വരവാദി സര്‍ക്കാരിന് സാധിക്കുകയില്ല. ശബരിമല വിശ്വാസം സംരക്ഷിക്കുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ അവസാനശ്വാസം വരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു.
വൈകുന്നേരം നാലുമണിയോടുകൂടി പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിനു സമീപം തോന്നല്‍ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ നെടുമങ്ങാട്, കഴക്കൂട്ടം ചിറയന്‍കീഴ് മണ്ഡലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും ഭക്തജനങ്ങളും പങ്കെടുത്തു. കഴക്കൂട്ടത്ത് സമാപിച്ച യോഗത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ സംസാരിച്ചു.
















