കൊച്ചി: എറണാകുളത്തും തൃശ്ശൂരിലും എടിഎമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നത് ഏഴംഗ സംഘമെന്ന നിഗമനത്തില്‍ പോലീസ്. കൊള്ളയ്‌ക്ക് ശേഷം മോഷണസംഘം ട്രെയിനില്‍ കടന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. രാവിലെ 6.30ന് ഏഴംഗസംഘം ചാലക്കുടിയിലെത്തി, വാഹനം ഉപേക്ഷിച്ച് സ്‌കൂളിന് പിന്നിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സിസിടിവിയില്‍ പതിഞ്ഞ പ്രദേശത്ത് തന്നെയാണ് മണം പിടിച്ച പോലീസ് നായയും എത്തിയത്.
പാലക്കാട്ടേക്ക് നേരിട്ട് ട്രെയിന്‍ ഇല്ലാത്തതിനാല്‍ ചാലക്കുടിയില്‍ നിന്ന് പാസഞ്ചറില്‍ തൃശ്ശൂരിലെത്തിയ ശേഷം അവിടെ നിന്ന് ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടെന്നാണ് അനുമാനിക്കുന്നത്. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രതികള്‍ ഉപേക്ഷിച്ച വാഹനത്തിന് സമീപം കണ്ടെത്തിയ രക്തക്കറയ്‌ക്ക് കേസുമായി ബന്ധമില്ലെന്നാണ് സൂചന. എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് 25 ലക്ഷവും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
എടിഎം കവർച്ച അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ
കൊച്ചി: എടിഎം കവര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മൂന്ന് മേഖല കേന്ദ്രീകരിച്ചുള്ള സ്‌ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. കവര്‍ച്ചയ്‌ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയ്‌ക്ക് ഉപയോഗിച്ച വാഹനം മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ച പോലീസ്, മോഷ്ടാക്കള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കും. അന്വേഷണത്തിന് ദല്‍ഹി, തമിഴ്‌നാട് പോലീസിന്റെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്. സമീപകാലത്ത് ജയില്‍ മോചിതരായ കുറ്റവാളികളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
കവര്‍ച്ച നടന്ന എടിഎമ്മുകളില്‍ നിന്നും ലഭിച്ച, മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന, വിരലടയാളം നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്‌ക്ക് പോലീസ് കൈമാറി.ഇരുമ്പനത്തെ കവര്‍ച്ചയ്‌ക്ക് ശേഷം ദേശീയപാതയിലൂടെ കൊരട്ടിയിലെത്തി ഇവിടെയും കവര്‍ച്ച നടത്തിയ ശേഷമാണ് മോഷ്ടാക്കള്‍ വാഹനം ഉപേക്ഷിച്ചത്. ഇതിന് ശേഷം ഇവര്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നതാണ് പോലീസ് പരിശോധിക്കുന്നത്.
















