അഹമ്മദാബാദ്: കുടിയേറ്റക്കാര്‍ക്കെതിരെയുള്ള തന്റെ പ്രസംഗത്തില്‍ കുരുങ്ങി ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് ഠാക്കുര്‍. സെപ്തംബര്‍ 28ന് ഹിമ്മത്നഗറില് 14 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ഠാക്കുര്‍ വിഭാഗത്തിലുള്ളവരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്ന തരത്തില്‍ അല്‍പേഷ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ വിനയായത്.
ഠാക്കുര്‍ വിഭാഗത്തിനിടയില്‍ തന്റെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് കുടിയേറ്റക്കാര്‍ക്കെതിരെ അല്‍പേഷ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അദ്ദേഹത്തിനെതിരെ പലഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നത്.
തുടര്‍ന്ന് മറ്റുവഴിയില്ലാതെ അല്‍പേഷ് നിലപാട് മാറ്റുകയായിരുന്നു. പെണ്‍കുഞ്ഞിന്റേത് ഒറ്റപ്പെട്ട സംഭവമാണെന്നും ഗുജറാത്തിനുമേല്‍ എല്ലാവര്ക്കും തുല്യ അവകാശമാണ് ഉള്ളതെന്നും പറഞ്ഞ അല്‍പേഷ്, കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ബീഹാറികള്‍ക്കും യുപിക്കാര്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും ഏറെക്കുറെ ഒറ്റപ്പെട്ടു. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ ഗുജറാത്തില്‍ നിന്ന് പലായനം ചെയ്യുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഇതും കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നല്കിയ റിപ്പോര്‍ട്ടുകളാണെന്നാണ് സൂചന.
















