ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷ ഒരു പടികൂടി വര്‍ധിപ്പിച്ചു. വിശിഷ്ടവ്യക്തികള്‍ക്ക് നല്കുന്ന അഡ്വാന്‍സ് സെക്യൂരിറ്റി ലയസണിംഗ്(എഎസ്എല്‍) അധികമായി ഉള്‍പ്പെടുത്തിയാണ് സുരക്ഷ ശക്തമാക്കിയത്. നിലവില്‍ സെഡ് പ്ലസ് വിഭാഗം സുരക്ഷയുള്ള അമിത് ഷായ്ക്ക് രാജ്യത്തെവിടെയും ഇനിമുതല്‍ എഎസ്എലിന്റെ സംരക്ഷണം കൂടി ലഭിക്കും.
അമിത് ഷായുടെ സുരക്ഷ ക്രമീകരണങ്ങള്‍ ഇന്റലിജന്റ്സ് ബ്യൂറോ വിലയിരുത്തിയതിനു ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിഷ്ക്കാരം ഏര്‍പ്പെടുത്തിയത്. അമിത് ഷാ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ വിദഗ്ധ സംഘം മുന്‍കൂട്ടി സന്ദര്‍ശിച്ച് നിരീക്ഷണം നടത്തി ഓരോന്നും എഎസ്എല്‍ സംഘം കൃത്യമായി വിശകലനം ചെയ്തശേഷം സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയനേതാക്കാള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന സ്ഥലങ്ങളില്‍ രണ്ടാഴ്ച മുമ്പേ സ്ഥലങ്ങളില്‍ എഎസ്എല്‍ സംഘം പരിശോധനയ്ക്കെത്തും. ‘വലിയ ഭീഷണി നേരിടുന്ന’വരുടെ വിഭാഗത്തിലാണ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ അടുത്തിടെ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷായെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിആര്‍പിഎഫ് സംഘത്തിനാണ് അമിത്ഷായുടെ മുഴുവന്‍ സുരക്ഷാ ചുമതല.
ഇതിനൊപ്പം പ്രത്യേക 30 അംഗ കമാന്റോകളും നിര്‍ദേശിക്കുന്ന സമയങ്ങളില്‍ എപ്പോഴും കൂടെയുണ്ട്. സംസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ പോലീസും ഒപ്പമുണ്ടാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ എഎസ്എല്‍ സുരക്ഷയുള്ള പ്രമുഖരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: