ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ചൊവ്വാഴ്ച ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരുടെ മഹാസമ്മേളനം യുകെയിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സില്‍'(ഡബ്ലൂബിആര്)ല്‍ ഇടം നേടി. ബിജെപി സംസ്ഥാന ഘടകത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘കേഡര്‍ അടിസ്ഥാനത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ സമ്മേളനം’ എന്ന വിശേഷണത്തോടെ ഡബ്ലൂബിആറില് ഇടം നേടിയതായി ബിജെപി മീഡിയ സെല്ലിന്റെ ചുമതലയുള്ള ലോകേന്ദ്ര പരാശര്‍ അറിയിച്ചു.
നഗരത്തിലെ ഭേല്‍ ജാംപൂരി മൈദാനത്തായിരുന്നു ‘കാര്യകര്‍ത്താ മഹാകുംഭ്’ എന്ന പേരില്‍ സമ്മേളനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തിരുന്നു. ഡബ്ലൂബിആര് അധികൃതരില്‍നിന്ന് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തു ലക്ഷത്തോളം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ലണ്ടനില്‍നിന്നുള്ള 15 അംഗ സംഘം സമ്മേളനം നിരീക്ഷിക്കാന്‍ എത്തിയിരുന്നതായി ലോകേന്ദ്ര പരാശര്‍ പറഞ്ഞു. 45 എല്‍ഇഡി സ്ക്രീനുകള്‍, അഞ്ചു ഹെലിപാഡുകള്‍, ഒരുലക്ഷം ചുതരശ്ര അടിയില്‍ എക്സിബിഷന് ഹാള്‍, 26 ഹെക്ടര്‍ വരുന്ന മൈദാനത്തില്‍ വാഹന പാര്‍ക്കിംഗ് സൗകര്യം, 1,580 ശുചിമുറികള്‍ എന്നിവ ഒരുക്കിയിരുന്നതായി അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: