ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.
അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ സോഡിയാക് ബോട്ടിറക്കി. ഫ്രഞ്ച് യാനം രാവിലെ തന്നെ അഭിലാഷിന്റെ പായ് വഞ്ചിക്ക് അടുത്തെത്തിയിരുന്നു. ഓസ്ട്രേലിയയും ഫ്രാന്‍സും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. മൗറീഷ്യസില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനം ഞായറാഴ്ച അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ മാറിയായിരുന്നു പായ്‌വഞ്ചി. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചത്. പായ്‌മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്.
ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് മത്സരം ആരംഭിച്ചത്. കനത്ത കാറ്റിലും തിരമാലയിലും പെട്ട് പായ്വഞ്ചി തകരുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.
















