തിരുവനന്തപുരം: ഇന്ത്യയും കൊറിയയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം മെച്ചപ്പെടുത്തുന്നതിന് കൊറിയയിലേക്കുള്ള വിസ പ്രക്രിയ ലളിതമാക്കുമെന്ന് ദക്ഷിണ കൊറിയന്‍ സ്ഥാനപതി ഷിന്‍ ബോങ് കില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊറിയ കാരവന്‍ എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു സ്ഥാനപതി. ഇന്ത്യയില്‍ നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള നിരവധി കൊറിയന്‍ കമ്പനികളുണ്ട്.
മറ്റു ചില കമ്പനികള്‍ നിക്ഷേപത്തിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൊറിയയ്‌ക്ക് താല്‍പ്പര്യമുണ്ട്. ഇതു സംബന്ധിച്ച് വ്യവസായമന്ത്രി ഇ.പി. ജയരാജനുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ നിര്‍മാണ യൂണിറ്റ്, നോളജ് ഇന്‍ഡസ്ട്രി, അടിസ്ഥാന സൗകര്യവികസനം, തുറമുഖ വികസന, ഷിപ്പ് ബില്‍ഡിങ് തുടങ്ങിയ മേഖലകളിലാണ് കേരള സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൊറിയ കാരവന്റെ ഭാഗമായി നടന്ന ബിസിനസ് സമ്മിറ്റില്‍ കേരളത്തിലെ വ്യവസായ സമൂഹവുമായി സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള കൊറിയന്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തി. സമ്മിറ്റില്‍ സാംസങ്, കിയ, ഹ്യുന്‍ഡായ്, കൊറിയന്‍ എയര്‍ലൈന്‍, തുടങ്ങി 22 കൊറിയന്‍ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
















