പാട്ന: വാര്‍ഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ചുകൊന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് അഞ്ച് കൗമാരക്കാര്‍ രക്ഷപെട്ടു. ബിഹാറിലെ പര്‍ണിയായില്‍ ഇന്നലെ രാവിലെയാണ് സംഭവം. ബിജേന്ദ്ര കുമാര്‍ എന്ന വാര്‍ഡനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരിച്ച കൗമാരക്കാരന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാര്‍ഡന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജുവനൈല്‍ ഹോമില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ പക തോന്നിയ കുട്ടികളാണ് കൊലപാതകം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചുമയ്‌ക്ക് ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി കുട്ടികള്‍ അളവില്‍ക്കൂടുതല്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കുട്ടികളില്‍ നിന്ന് മരുന്ന് പിടിച്ചെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കുട്ടികളും വാര്‍ഡനും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് ബിജേന്ദ്ര കുമാര്‍ ലോക്കല്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കുകയും കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബിജേന്ദ്ര കുമാറിന്റെ ഈ ആവശ്യം ബുധനാഴ്ച അധികൃതര്‍ അംഗീകരിച്ചു. ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് ബിജേന്ദ്ര കുമാറിനെയും ജൂവനൈല്‍ ഹോമിലെ ഒരു അന്തേവാസിയെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികള്‍ രക്ഷപെട്ടത്. ചുമ മരുന്ന് ഒളിപ്പിച്ചു വച്ച സ്ഥലം കാണിച്ചുകൊടുത്തെന്ന സംശയത്തെത്തുടര്‍ന്നാണ് പതിനേഴുകാരനായ അന്തേവാസിയെ ഇവര്‍ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
















