ന്യൂല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവരുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ വീണ്ടും സുപ്രീംകോടതിയുടെ താക്കീത്. ഇരകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.
പീഡനക്കേസുകളിലെ പരാതിക്കാരുടെ മുഖം അവ്യക്തമാക്കിയ ചിത്രങ്ങളോ ദൃശ്യങ്ങളോ പോലും കാണിക്കാന്‍ പാടില്ല. പീഡനക്കേസുകള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യമുള്ളതാക്കി ചിത്രീകരിക്കരുതെന്നും കോടതി വ്യക്തമാക്കി. ബീഹാറിലെ അഭയ കേന്ദ്രത്തില്‍ നടന്ന പീഡനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞ പാട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതീവശ്രദ്ധ പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
















