തിരുപ്പതി: ഭക്തസഹസ്രങ്ങള്‍ക്ക് ആത്മീയാനന്ദം പകര്‍ന്ന് തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ രഥോത്സവം. സപ്തസാനുക്കളാല്‍ ചുറ്റപ്പെട്ട തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവ വിശേഷ ചടങ്ങാണ് രഥോത്സവം.
സുര്യോദയത്തോടെ ഭൂദേവി ശ്രീദേവി സമേത വെങ്കിടാചലപതിദേവനെ പുഷ്പാലംകൃതരഥത്തിലേറ്റിയതോടെ തേരോട്ടം തുടങ്ങി. അറുപതടിയിലെറെ ഉയരമുള്ളതാണ് പുഷ്പാലംകൃത തേര്. രഥോല്‍സവം നാല് മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് വേദഘോഷവുമായി തിരിച്ചെഴുന്നള്ളിപ്പ്. രണ്ട് നൂറ്റാണ്ടിലെറെ പഴക്കമുള്ള ക്ഷേത്ര ഉത്സവചടങ്ങാണ് രഥോത്സവം.
തിരുമല ക്ഷേത്രത്തിലെ പത്ത് നാള്‍ നീണ്ട ബ്രഹ്മോത്സവനാളുകളില്‍ 20 ലക്ഷത്തോളം ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തിയതായാണ് വിലയിരുത്തുന്നത്. വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചക്രസ്നാന ചടങ്ങുകള്‍ക്കും വിശേഷ പൂജകള്‍ക്കും ശേഷം വൈകിട്ട് ധ്വജാവരോഹണത്തോടെ ഉത്സവം സമാപിക്കും.
















