മാനന്തവാടി: വെള്ളമുണ്ട പൂരിഞ്ഞി ദമ്പതികളുടെ കൊലപാതകത്തില്‍ റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ് കേസിലെ പ്രതി തൊട്ടില്‍പ്പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കേസ് നടത്തിപ്പിന് ലീഗല്‍ എയ്ഡ് പാനലില്‍ നിന്നും വക്കീലിനെ അനുവദിച്ചുകൊണ്ടും മാനന്തവാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് പി. സുഷമ ഉത്തരവിട്ടു.
അറസ്റ്റിലായ വിശ്വനാഥനെ കൊല നടന്ന വീട്ടിലെത്തിച്ച് ചൊവ്വാഴ്ച തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച ഇരുമ്പുവടി സമീപത്തെ കവുങ്ങില്‍ തോട്ടത്തിലെ ചാലില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ കുറ്റ്യാടിയിലെ സ്വര്‍ണപണിക്കാരനില്‍ നിന്നും കണ്ടെടുത്തിരുന്നു. വിശ്വനാഥന്റെ വീട്ടില്‍ നിന്നും ഫാത്തിമയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തു.
















