കൊച്ചി: കോടതിയും നീതി നിഷേധിക്കുന്നുവെന്ന് ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
മതിയായ തെളിവുകളില്ലാതെ ബിഷപ്പിനെ അറസ്‌റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ജനപിന്തുണയേറി വരികയാണ്.
ഈ മാസം 19ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് അയച്ചിരുന്നു. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറേയുടെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ നിര്‍ണായക തീരുമാനമെടുത്തത്. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും അതിന്‌ശേഷമേ അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും എറണാകുളം റേഞ്ച് ഐ.ജി ഇന്നലെ പൊലീസ് നിലപാട് വ്യക്തമാക്കിയിരുന്നു.
















