കൊച്ചി: കേരള ജനത ഒന്നടങ്കം മഹാപ്രളയത്തില്‍പ്പെട്ട് തീരാദുരിതമനുഭവിക്കുമ്പോള്, ലക്ഷങ്ങള്‍ ചെലവിട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മഹാറാലിയുമായി സിപിഎം നേതൃത്വം. സപ്തംബര്‍ 5ന് ദല്‍ഹിയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ കാല്‍ലക്ഷം പേരാണ് പ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തില്‍ നിന്ന് പോകുന്നത്. നേതാക്കള്‍ അടക്കം പ്രമുഖര്‍ എല്ലാവരും വിമാനത്തിലാണ് പോകുന്നത്. ട്രയിനില്‍ പോകുന്നവര്‍ പുറപ്പെട്ടു കഴിഞ്ഞു. റാലിക്ക് ശേഷം അണികള്‍ക്കായി പ്രത്യേക ടൂര്‍പാക്കേജും തയാറാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രളയദുരന്തത്തില്‍ നിന്ന് കരകയറാനാകാതെ ജനലക്ഷങ്ങള്‍ സംസ്ഥാനത്ത് വലയുമ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സംസ്ഥാനത്ത് നിന്ന് മാറി നില്ക്കുന്നതില് സിപിഎമ്മില്‍ കടുത്ത ഭിന്നതയുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മും സിഐടിയുവും രണ്ട് തട്ടിലാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന മഹാറാലിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി റാലിയുമായി മുന്നോട്ട് പോകണമെന്ന നിലപാടിലാണ്. ബേബിക്ക് പിന്തുണയുമായി സിഐടിയു നേതാക്കളായ എളമരം കരീമും കെ. ചന്ദ്രന് പിള്ളയും രംഗത്തുണ്ട്. വിരുദ്ധചേരിയില്‍ നില്ക്കുന്ന ബേബിയുടെ നിലപാടിനോട് മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിയോജിപ്പാണ്. എന്നാല്‍ സിഐടിയുവിനെ മുന്‍നിര്‍ത്തിയാണ് ബേബി റാലിക്ക് ആളെ കൂട്ടിയത്. ഇത് സിപിഎമ്മിനുള്ളില്‍ കടുത്ത വിഭാഗീയതക്ക് വഴിവെച്ചിരിക്കുകയാണ്.
ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പണം കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. തീരെ പാവപ്പെട്ടവര്‍പോലും തങ്ങളുടെ കൈയിലുള്ള തുച്ഛമായ തുക കേരളത്തിനായി സമര്‍പ്പിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിദേശത്തുനിന്ന് പണം പിരിക്കാന്‍ മന്ത്രിമാര്‍ പോകാനൊരുങ്ങുകയാണ്. പിച്ചച്ചട്ടിയില്നിന്നു പോലും പണം പിരിക്കുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി ദല്‍ഹിയാത്രയും വിനോദസഞ്ചാരവും.
















