ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥയില്‍ പ്രക്ഷോഭങ്ങളുടെ മുന്‍നിരക്കാരനായിരുന്നു കുല്‍ദീപ് നയ്യാര്‍. 1975 ല്‍ തുടങ്ങി 77 വരെ നീണ്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത് ജയിലിലടയ്‌ക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍.
മാധ്യമരംഗത്ത് മാത്രമായി ഒതുങ്ങിയില്ല നയ്യാരിലെ പ്രതിഭ. മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, രാജ്യസഭാംഗം, യുകെയിലെ ഇന്ത്യന്‍ സ്ഥാനപതി തുടങ്ങി അദ്ദേഹത്തിന്റെ കര്‍മമണ്ഡലം പത്രപ്രവര്‍ത്തനത്തിന് അപ്പുറത്തേയ്‌ക്ക് നീണ്ടു.
1923 ല്‍ പാക് പഞ്ചാബിലെ സിയാല്‍ക്കോട്ടിലായിരുന്നു ജനനം. ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ പഠനം പൂര്‍ത്തിയാക്കി. ലാഹോറില്‍ നിന്ന് നിയമബിരുദവും നേടി. വിഭജനത്തിനു ശേഷം കുടുംബത്തോടൊപ്പം ദല്‍ഹിയിലേക്ക് കുടിയേറിയ നയ്യാര്‍ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. വിഭജനവും സമുദായങ്ങള്‍ക്കിടയില്‍ അതുണ്ടാക്കിയ മുറിപ്പാടുകളും നയ്യാരുടെ ആത്മകഥയായ ‘ബിയോണ്ട് ദി ലൈന്‍സില്‍ ‘ ഹൃദ്യമായി പരാമര്‍ശിക്കപ്പെടുന്നു്. പാക് ആണവശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖാദിര്‍ ഖാനുമായുള്ള അഭിമുഖവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉര്‍ദു പത്രമായ ‘അന്‍ജാമി’ലൂടെയാണ് അദ്ദേഹം മാധ്യമ രംഗത്തെത്തിയത്. തുടര്‍ന്ന് യുഎന്‍ ഐയില്‍ എത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മുന്‍നിര പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിന്‍ഡിക്കേറ്റഡ് കോളമായ ‘ ബിറ്റ്‌വീന്‍ ദി ലൈന്‍സ്’. ‘ ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു’ , ‘ എമര്‍ജന്‍സി റീറ്റോള്‍ഡ്’ ് തുടങ്ങി 15 പുസ്തകങ്ങള്‍ നയ്യാരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















