ന്യൂദല്‍ഹി: മരണശേഷവും സോമനാഥ് ചാറ്റര്‍ജിയോടുള്ള പക തീരാതെ സിപിഎം. പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ കമ്യൂണിസ്റ്റ് നേതാവെന്ന് വിശേഷിപ്പിക്കാനോ പാര്‍ട്ടി അംഗമായിരുന്നുവെന്നത് പരാമര്‍ശിക്കാനോ സിപിഎം തയ്യാറായില്ല. മുന്‍ സ്പീക്കര്‍, അനുഭവസമ്പത്തുള്ള പാര്‍ലമെന്റേറിയന്‍, മികച്ച അഭിഭാഷകന്‍ എന്നൊക്കെയാണ് സോമനാഥ് ചാറ്റര്‍ജിക്ക് പോളിറ്റ് ബ്യൂറോ നല്‍കിയിട്ടുള്ള വിശേഷണങ്ങള്‍.
”മുന്‍ സ്പീക്കറും പത്ത് തവണ ലോക്‌സഭാംഗവുമായ സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. അനുഭവ സമ്പത്തുള്ള പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹം ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനുമായിരുന്നു. തൊഴിലാളി വര്‍ഗ്ഗത്തിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതിലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചു”. അനുശോചനത്തില്‍ ചൂണ്ടിക്കാട്ടി.
രാവിലെ 8.15നായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ മരണം. മണിക്കൂറുകള്‍ കഴിഞ്ഞ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചെയ്ത അനുശോചന ട്വീറ്റിലും കമ്യൂണിസ്റ്റ് നേതാവെന്ന് പരാമര്‍ശമില്ല. പിബിയുടെ അനുശോചനക്കുറിപ്പ് ഇറങ്ങിയതാകട്ടെ ഉച്ചക്ക് ശേഷവും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും കമ്യൂണിസ്റ്റ് ബന്ധം പരാമര്‍ശിച്ചാണ് അനുശോചനമറിയിച്ചത്.
















