ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിക്ക് ഗുരുവിന്റേയും ശത്രുവിന്റെയും മധ്യത്തില്‍ അന്ത്യവിശ്രമം. മറീന ബീച്ചില്‍ രാഷ്‌ട്രീയഗുരു സി.എന്‍. അണ്ണാദുരൈയെ സംസ്‌കരിച്ച അണ്ണാസമാധിക്ക് അടുത്തു തന്നെ കരുണാനിധിയെ സംസ്‌കരിക്കണം എന്ന വൈകാരികമായ ലക്ഷ്യമാണ് ഡിഎംകെയെ കോടതി നടപടികളിലേക്ക് നയിച്ചത്.
മറീബയില്‍ കരുണാനിധിയെ സംസ്‌കരിക്കുന്നതിനെക്കുറിച്ച് ഹൈക്കടതിയില്‍ ഇന്നലെ ഡിഎംകെയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച പ്ലാനില്‍ നിന്ന് അണ്ണാദുരൈയുടെയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും സമാധികള്‍ക്ക് മധ്യത്തിലാണ് കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം ഒരുക്കുന്നു എന്നു വ്യക്തമായിരുന്നു. ഡിഎംകെ നേതാവും അഭിഭാഷകനുമായ ആര്‍.എസ്. ഭാരതിയാണ് സംസ്‌കാരം സംബന്ധിച്ച വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയത്.
മറീന ബീച്ചില്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ക്കു മാത്രമേ വലിയ സ്മാരകങ്ങളുള്ളൂ. അണ്ണാദുരൈയ്‌ക്കും, എംജിആറിനും. ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സമുദ്രത്തില്‍ നിന്ന് അഞ്ഞൂറു മീറ്റര്‍ ഇപ്പുറത്ത് മറീന ബീച്ചില്‍ സ്മാരകങ്ങള്‍ പാടില്ല എന്ന ചട്ടമുണ്ടാക്കിയത്. എന്നാലിപ്പോള്‍ ഹൈക്കോടതി വിധിയുടെ ബലത്തില്‍ കരുണാനിധിക്ക് ജയയുടെ അടുത്തു തന്നെ സമാധി ഒരുങ്ങുന്നു.
ജീവിച്ചിരിക്കെ ഓരോ പ്രവൃത്തിയിലും ശത്രുതയുടെ മുനവെച്ചിരുന്നു കരുണാനിധിയും ജയയും. നിയമസഭയില്‍ ഡിഎംകെ എംഎല്‍എമാരില്‍ നിന്ന് തനിക്കേറ്റ അപമാനത്തിന് ജയ പകരം വീട്ടിയത് മുഖ്യമന്ത്രിയായപ്പോള്‍ കരുണാനിധിയുടെ വീട്ടിലേക്ക് പോലീസിനെ വിട്ടാണ്. ഒടുവില്‍ അധികാരത്തിന്റേയും ശത്രുതയുടേയും എല്ലാ ഭാരങ്ങളും ഒഴിഞ്ഞ്, മറീന ബീച്ചില്‍, ആര്‍ത്തിരമ്പുന്ന കടല്‍ സാക്ഷിയായി പുരട്ച്ചിത്തലൈവനക്ക് അരികെ കലൈഞ്ജരും…
















