ന്യൂദല്‍ഹി: ഫാക്ടിന്റെ ഭൂമി വിറ്റുകിട്ടിയതുക സ്ഥാപനത്തിന്റെ പ്രവര്‍ത്തന മൂലധനമാക്കണമെന്ന് ബിജെപിയംഗം വി. മുരളീധരന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ ഫ്ക്ടിന്റെ പുനരുദ്ധാരണ വിഷയം ഉന്നയിച്ചു സംസാരിക്കുകയായിരുന്നു.
എഫ്എസിറ്റിയുടെ (ഫാക്ട്) ഭൂമി വിറ്റഴിച്ചതിലൂടെ ലഭിച്ച തുക സ്ഥാപനത്തിന്റെ പ്രവര്‍ത്തന മൂലധനമാക്കണം. ഫാക്ടിന്റെ വികസനത്തിന് വഴിയൊരുക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാവണം.1774 കോടിയാണ് ഫാക്ടിന്റെ കടം. ഭൂമി വിറ്റഴിച്ച വകയില്‍ 1388 കോടി ലഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന് നല്‍കാനുള്ള 1774 കോടി ഇക്വിറ്റി ഓഹരികളായി പരിവര്‍ത്തനം ചെയ്യുകയും ഭൂമി വിറ്റുകിട്ടിയ തുക പ്രവര്‍ത്തന മൂലധനമാക്കുകയുമാണ് വേണ്ടത്. ഇതിലൂടെ ഫാക്ടിനെ കടവിമുക്തമാക്കാനും വികസനപദ്ധതികള്‍ നടപ്പാക്കി ലാഭത്തിലേക്കെത്തിക്കാനും കഴിയും. ഇതിന് കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കണം
ഫാക്ട് 10 വര്‍ഷത്തിലേറെയായി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1000 കോടി പുനരുദ്ധാരണ പാക്കേജായി നല്‍കിയിരുന്നു. ഇതിലൂടെ ഫാക്ടിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നഷ്ടം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറവാണ്. രാജ്യത്തെ ഏറ്റവും ആദ്യത്തെ രാസവളം നിര്‍മ്മാണശാലയായ എഫ്എസിടി അടച്ചുപൂട്ടാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തുടരണമെന്ന് രാജ്യസഭയില്‍ അവശ്യപെട്ടു.
















